ചേർത്തല: അർത്തുങ്കൽ സെക്യുവറിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സ്യ, പച്ചക്കറി കൃഷി സെമിനാറുകൾ വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, മീൻവളർത്തൽ എന്നിവയെക്കുറിച്ച് പുതിയ അറിവുകൾ പകർന്നു. മത്സ്യക്കൃഷിയെക്കുറിച്ച് ചേർത്തല ഫിഷറീസ് ഇൻസ്പെക്ടർ ലീന ഡെന്നീസും പച്ചക്കറികൃഷിയെക്കുറിച്ച് കൃഷി വകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടർ കെ.വി. സെബാസ്റ്റ്യൻ എന്നിവരുമാണ് ക്ളാസുകളെടുത്തത്.
വീട്ടുവളപ്പിലെ മത്സ്യക്കൃഷി കുളങ്ങളിലും പടുതാക്കുളത്തിലും ബയോഫ്ളോക് രീതിയിൽ നടത്തുന്നതിനെക്കുറിച്ചും വിവിധ സർക്കാർ സബ്സിഡികളെക്കുറിച്ചും ക്ളാസിൽ വിശദീകരിച്ചു. വീട്ടവളപ്പിൽ പച്ചക്കറി കൃഷിത്തോട്ടമൊരുക്കുന്നതും വിവിധ പച്ചക്കറി ഇനങ്ങളുടെ ജൈവരീതിയിലുള്ള പരിപാലനം സംബന്ധിച്ചും അറിവേകുന്നതായി പച്ചക്കറികൃഷി സെമിനാർ.
പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി വിതരണം നടത്തി. സെമിനാർ ഉദ്ഘാടനം അർത്തുങ്കൽ ബസിലിക്ക റെക്ടറും സെക്യുർ രക്ഷാധികാരിയുമായ ഫാ. സ്റ്റീഫൻ ജെ. പുന്നയ്ക്കൽ നിർവ്വഹിച്ചു. സെക്യുവർ പ്രസിഡന്റ് പി.എസ്. ബിലാൽ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി സാം അലക്സ് സ്വാഗതവും ജനറൽ കൺവീനർ ബെന്നി ജോസ് മേനങ്കാട്ട് നന്ദിയും പറഞ്ഞു.