photo

ചേർത്തല: വയലാറിലെ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതക വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് മീനാക്ഷി ലേഖി എം.പി പറഞ്ഞു. കുടുംബാംഗങ്ങളെ കാണാനെത്തിയതായിരുന്നു അവർ.

അധികാരത്തിന്റെ തണലിൽ തീവ്രവാദ സംഘടനകൾ അഴിഞ്ഞാടിയിട്ടും അവരെ സഹായിക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. അക്രമം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രധാന പ്രതികളെ അറസ്​റ്റ് ചെയ്യാൻ കഴിയാത്തത് ഉദാഹരണമാണ്. പ്രതികളെ സഹായിച്ചവരെ കസ്​റ്റഡിയിലെടുത്തശേഷം ജാമ്യം നൽകി വിട്ടയച്ചത് കു​റ്റകരമായ അനാസ്ഥയാണ്. നന്ദുവിനെ കൊന്നവർ സ്വന്തം വോട്ടുബാങ്കായതിനാലാണ് ആലപ്പുഴ എം.പി നന്ദുവിന്റെ വീട്ടിലേക്ക് തിരിഞ്ഞുനോക്കാത്തതെന്നും കൊലപാതക കേസിലെ പ്രതികളെ പിടികൂടുന്നതിനും നന്ദുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനും തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും അവർ പറഞ്ഞു. അക്രമത്തിൽ പരിക്കേ​റ്റ് ആശുപത്രിയിൽ കഴിയുന്ന കെ.എസ്. നന്ദുവിന്റെ കുടുംബത്തേയും എം.പി സന്ദർശിച്ചു. മഹിളാ മോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി രാഗേന്ദു, ചേർത്തല എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പി.എസ്. ജ്യോതിസ്, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് എൽ.പി. ജയചന്ദ്രൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ഗോപാലകൃഷ്ണൻ, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് വി. പ്രകാശൻ കളപ്പുരയ്ക്കൽ, സുരേഷ് വർമ്മ, വിയാസിംഗ് സാമുവൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.