photo

ആലപ്പുഴ: വോളിബാൾ രംഗത്ത് സമാനതകളില്ലാത്ത നേട്ടം കൈവരിച്ച താരവും പരിശീലകനുമായിരുന്നു കലവൂർ എൻ.ഗോപിനാഥ് എന്ന് ശിഷ്യനും റിട്ട. ഐ.ജിയുമായ എസ്.ഗോപിനാഥ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ കിടങ്ങാംപറമ്പിൽ സംഘടിപ്പിച്ച മൂന്നാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർക്കും അസൂയ തോന്നിക്കും വിധം കളിക്കളത്തിൽ മികവ് പുലർത്തിയ കായികതാരവും പരിശീലകനുമായിട്ടാണ് രാജ്യവും ലോകവും കലവൂർ എൻ.ഗോപിനാഥിനെ കാണുന്നത്. സർവീസിൽ ഇരിക്കെ എയർഫോഴ്സ് ടീമിൽ ഇടം നേടിയ ഗോപിനാഥിന്റെ ടീം എല്ലാ മത്സരങ്ങളിലും വിജയിച്ചു. എതിർ ടീമിന്റെ ന്യൂനത കണ്ടെത്തി വിജയം സ്വന്തമാക്കുന്ന അസമാന്യ തന്ത്രശാലിയായിരുന്നു അദ്ദേഹം. മറ്റാർക്കും ഇല്ലാത്ത ആ നിരീക്ഷണവും തന്ത്രവും കഴിവും കായികലോകം എന്നും ഓർക്കും. ദ്രോണാചാര്യ, അർജുന അവാർഡുകൾ അദ്ദേഹത്തിന് നൽകിയില്ലെങ്കിലും കലവൂർ എൻ.ഗോപിനാഥിന് കായികപ്രേമികളുടെയും വോളിബാൾ താരങ്ങളുടെയും മനസിൽ എക്കാലവും സ്ഥാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.വി.സാനു, എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത്, യൂണിയൻ കൗൺസിൽ അംഗങ്ങളായ എം.രാജേഷ്, എസ്.സിദ്ധകുമാർ, വി.ആർ.വിദ്യാധരൻ, സി.പി.രവീന്ദ്രൻ, വനിതാ സംഘം സെക്രട്ടറി ശോഭനാ അശോക് കുമാർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വേണുഗോപാൽ, സെക്രട്ടറി രജിത്ത്, പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് ടി.ആർ.ആസാദ്, സെക്രട്ടറി ദിലീപ്, ശ്രീനാരായണ എംപ്ളോയീസ് ഫോറം പ്രസിഡന്റ് കലേഷ്, സെക്രട്ടറി സുനിൽ താമരശ്ശേരി എന്നിവർ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.രഘുനാഥ് നന്ദിയും പറഞ്ഞു. യൂണിയനിലെ മുഴുവൻ ശാഖകളിലും കലവൂർ എൻ.ഗോപിനാഥിന്റെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി.