
പൂച്ചാക്കൽ: വിവാഹ ദിവസം വരനെ കാണാതായതിനെ തുടർന്ന് മിന്നുകെട്ട് മുടങ്ങി. പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് ചിറയിൽ വീട്ടിൽ അലിയാരുടെ മകൻ ജസീമിനെയാണ് വിവാഹ ദിവസമായ ഇന്നലെ രാവിലെ ഏഴു മുതൽ കാണാതായത്. അരൂക്കുറ്റി വടുതല നദുവത്ത് നഗർ സ്വദേശിനയുമായി ഇന്നലെ രാവിലെ പതിനൊന്നിന് വിവാഹം നടക്കേണ്ടതായിരുന്നു.
കെ.എൽ 32 ജി 6867 നമ്പർ യമഹ ബൈക്കിലാണ് രാവിലെ വീട്ടിൽ നിന്നിറങ്ങിയത്. വിവാഹ സമയമായിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൂച്ചാക്കൽ പൊലീസിൽ പരാതി നൽകി. ഇതിനിടെ ബേധരഹിതയായ മാതാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒൻപത് മണിയോടെ ജസീമിന്റെ ഒരു ശബ്ദ സന്ദേശം അയൽവാസിക്ക് ലഭിച്ചു. തന്നെ കുറച്ചു പേർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പൊലീസിൽ വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം. എവിടെയാണെന്നൊ, എന്തിനാണെന്നൊ അറിവായിട്ടില്ല. പൊലീസ് സൈബർ സെൽ മുഖേന അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.