ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതലക്കാരനായ ജില്ലാ നേതാവിനെതിരെ ഏരിയ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നത് അമ്പലപ്പുഴയിൽ സി.പി.എമ്മിന് തലവേദനയാകുന്നു.

തിരഞ്ഞെടുപ്പ് അവലോകനത്തിനായി കഴിഞ്ഞ ദിവസം ചേർന്ന അമ്പലപ്പുഴ ഏരിയാ കമ്മിറ്റി യോഗത്തിലാണ് ഒരംഗം ജില്ലാ നേതാവിനെ വിമർശിച്ചത്. സ്ത്രീകളുടെ സഭ്യമല്ലാത്ത ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ പ്രചരിപ്പിച്ചതിന്റെ പേരിൽ ആരോപണ വിധേയനായ അംഗമാണ് വിമർശനമുയർത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജില്ലാ നേതാവിന്റെ ഇടപെടൽ ഫലപ്രദമല്ലെന്നും തങ്ങളുടെ നേതൃത്വത്തിലാണ് കാര്യങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നതെന്നും അംഗം യോഗത്തിൽ പറഞ്ഞു. എന്നാൽ മറ്റ് അംഗങ്ങൾ പിന്തുണച്ചില്ല. എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്‌തു. എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും തന്നോട് പറഞ്ഞാൽ മതിയെന്ന് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചതായി യോഗത്തിൽ സ്ഥാനാർത്ഥി പറഞ്ഞതായാണ് വിവരം.
വിമർശനമുയർന്നത് ജില്ലാ നേതാവിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ചുമതല ആർക്കെങ്കിലും കൈമാറാൻ തനിക്ക് എതിർപ്പില്ലെന്ന് ചില നേതാക്കളെ ജില്ലാ നേതാവ് അറിയിച്ചിട്ടുണ്ട്. പ്രചാരണം കൊടുമ്പിരിക്കൊണ്ട അവസരത്തിൽ വിവാദങ്ങൾ ഒഴിവാക്കി എല്ലാവരെയും ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് മുതിർന്ന നേതാക്കൾ.