മാന്നാർ: മാന്നാർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിലുൾപ്പെട്ട 3 പ്രതികൾ പിടിയിൽ. കറ്റാനം ഭരണിക്കാവ് തെക്ക് കുഴിക്കാലത്തറയിൽ വിവേക് (21), കറ്റാനം ഭരണിക്കാവ് തെക്ക് മഹേഷ് ഭവനത്തിൽ മഹേഷ് (23), തെക്കേക്കര ചെറുകുന്നം അശ്വതി വീട്ടിൽ അശ്വിൻ കൃഷ്ണ (19) എന്നിവരാണ് പിടിയിലായത്. ഇലഞ്ഞിമേൽ വടക്ക് മാലമന്ദിരം വീട്ടിൽ ഓമനക്കുട്ടന്റെ മകൻ അജിത്തെന്നു വിളിക്കുന്ന മനുവിനെ വീട്ടിൽ അതിക്രമിച്ചു കയറി വിറകുകഷ്ണം കൊണ്ട് തലയ്ക്കടിച്ച് വധിക്കാൻ ശ്രമിച്ചതിന് ഫെബ്രുവരി 20 ന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണിവർ.
സഹോദരിയെ ശല്യപ്പെടുത്താൻ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം ആണ് ആക്രമണത്തിനു കാരണം. ഒളിവിലായിരുന്ന പ്രതികളെ തുടർച്ചയായ അന്വേഷണത്തിനു ശേഷം സി.ഐ നൂമാന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺ കുമാർ, ജോൺ തോമസ്, സി.പി.ഒ മാരായ വിഷ്ണുപ്രസാദ്, അരുൺ, സിദ്ദിഖ് ഉൾ അക്ബർ എന്നിവർ ചേർന്നാണ് അറസ്റ്റു ചെയ്തത്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ് പ്രതികൾ. കേസിലെ മറ്റു പ്രതികളെ ഉടൻ തന്നെ അറസ്റ്റു ചെയ്യുമെന്നു
പൊലീസ് പറഞ്ഞു.