
കായംകുളം: പ്രചാരണം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നതോടെ കായംകുളത്ത് മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രമുഖ നേതാക്കൾ പ്രചാരണത്തിനിറങ്ങിത്തുടങ്ങി..
യു. ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ പ്രചാരണത്തിനായി ശശി തരൂർ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ എത്തി. കേരളത്തിലെ ഇടത് സർക്കാർ യുവാക്കളെ വഞ്ചിച്ചു നടത്തിയ പിൻവാതിൽ നിയമനങ്ങൾക്ക് തിരിച്ചടി നൽകുവാൻ യുവത്വത്തിന്റെ പ്രതിനിധിയായി അരിതയെ പോലെയുള്ളവർ വിജയിച്ചു നിയമസഭയിൽ എത്തേണ്ടത് അനിവാര്യമാണെന്ന് നേതാക്കൾ പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയുടെ പ്രചാരണത്തിനായി സി.പി.എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി എത്തി. പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട്ടിൽ നടന്ന യു പ്രതിഭയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ അവർ പങ്കെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് എത്തും.
എൻ.ഡി.എ സ്ഥാനാർത്ഥി പി. പ്രദീപ് ലാലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ചലച്ചിത്രതാരം ദേവൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ പങ്കെടുത്തു. ഇന്നലെ ദേവികുളങ്ങര പഞ്ചായത്തിലെ വിവിധ സ്ഥല ങ്ങളിൽ പ്രദീപ് ലാൽ ഗൃഹസമ്പർക്കം നടത്തി. നൂറ് കണക്കിന് പ്രവർത്തകർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന കുടുംബ സംഗമത്തിലും പ്രദീപ് ലാൽ പങ്കെടുത്തു.