
കേരളത്തിലെ പ്രസുകൾക്ക് തിരഞ്ഞെടുപ്പ് കോളില്ല
ആലപ്പുഴ : കേരളത്തിലെ തിരഞ്ഞെടുപ്പിന് കോള് ഇപ്പോഴും തമിഴ്നാട്ടിലെ ശിവകാശിയിലെ പ്രസുകൾക്ക് തന്നെ. ഡിസൈൻ ലഭിച്ചാൽ മിനിട്ടുകൾക്കകം അച്ചടി ആരംഭിക്കാൻ കഴിയുന്ന ഇരുന്നൂറോളം അത്യാധുനിക പ്രസുകൾ ഇപ്പോൾ സംസ്ഥാനത്തുണ്ടെങ്കിലും സ്ഥാനാർത്ഥികളുടെ 'ശിവകാശി പ്രേമത്തെ" തകർക്കാൻ ഇവയ്ക്കായിട്ടില്ല. കേരളത്തിലെ പ്രസുകളെ അപേക്ഷിച്ച് നിരക്കിലെ കുറവാണ് ശിവകാശിയിലേക്ക് പോകാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. പിന്നെ, വട്ടമിട്ടു പറക്കുന്ന ഏജന്റുമാരും പ്രിന്റിംഗ് ജോലി റാഞ്ചി ശിവകാശിയിലെത്തിക്കും.
അച്ചടിച്ച് വരുന്ന കടലാസിന്റെ ഗുണനിലവാരത്തിൽ വ്യത്യാസമുണ്ടെങ്കിലും, കേരളത്തിൽ അച്ചടിക്കുന്നതിന്റെ നാലിൽ ഒന്ന് വില മാത്രമാണ് ശിവകാശിയിലെ പ്രസുകളിൽ ഈടാക്കുന്നത്. കുടിൽവ്യവസായം കണക്കെ അവിടെ പ്രസുകൾ വ്യാപകമാണ്. കേരളത്തിൽ നാല് രൂപയ്ക്ക് അച്ചടിക്കപ്പെടുന്ന പേപ്പറിന് അവിടെ നിരക്ക് ഒന്നര രൂപയിൽ ഒതുങ്ങും. റോക്കറ്റ് പോലെ പറക്കുന്ന പ്രചാരണ ചിലവിൽ പരമാവധി നഷ്ടം കുറയ്ക്കാനാണ് ഇത്തരം പ്രസുകളെ സ്ഥാനാർത്ഥികൾ ആശ്രയിക്കുന്നത്. കേരളത്തിൽ പേപ്പർ ക്ഷാമം രൂക്ഷമാണെങ്കിലും ശിവകാശിയിലെയും ബംഗളൂരുവിലെയും പ്രസുകാർക്ക് ആവശ്യത്തിന് പേപ്പർ ലഭിക്കുന്നുമുണ്ട്.
കരിദിനാചരണം
പേപ്പറിന്റെ ക്ഷാമത്തിനും അന്യായ വിലവർദ്ധനയ്ക്കുമെതിരെ ഓൾ ഇന്ത്യാ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്സ് ഇന്നലെ രാജ്യവ്യാപകമായി കരിദിനം ആചരിച്ചു. സംസ്ഥാനത്തെ എല്ലാ പ്രസുകളും കരിദിന പോസ്റ്ററുകൾ പതിച്ചാണ് പ്രവർത്തിച്ചത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിന്റെയും കൊവിഡ് പ്രതിസന്ധിയോടെ പേപ്പർ മില്ലുകളിൽ ഉത്പാദനം ചുരുങ്ങിയതിന്റെയും കാരണം പറഞ്ഞാണ് പേപ്പറിന്റെ വില കുതിച്ചുയർന്നത്.
പ്രിന്റിംഗ് മേഖലയുടെ ആവശ്യങ്ങൾ
1.അച്ചടി കടലാസിന്റെ ലഭ്യത ഉറപ്പ് വരുത്തുക
2. പൂഴ്ത്തിവെയ്പ്പ് അവസാനിപ്പിക്കുക
3. വില വർദ്ധനവ് തടയുക
4. തിരഞ്ഞെടുപ്പ് ജോലികൾ പ്രാദേശിക പ്രസുകൾക്ക് നൽകുക
ട്രെൻഡായി ക്ലോത്ത് പ്രിന്റ്
ഫ്ലെക്സ് നിരോധനം വന്നതോടെ അവതരിക്കപ്പെട്ട ക്ലോത്ത് പ്രിന്റുകൾക്ക് ഇത് നല്ല കാലമാണ്. ഫ്രെയിം ഹോർഡിംഗുകൾക്ക് പുറമേ, മതിലുകളിലെ ചിത്രങ്ങളായും ഇവ ഇടം പിടിക്കുന്നു. പേപ്പർ പോസ്റ്ററിനെക്കാൾ ലുക്ക് ലഭിക്കുമെന്നതിനാൽ പ്രധാന കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥികളുടെ ക്ലോത്ത് പ്രിന്റ് ചുവരെഴുത്തുകൾ കൂടുതലായി സ്ഥാപിക്കുന്നത്. സ്ക്വയർ ഫീറ്റിന് 25 രൂപ നിരക്കിലാണ് ക്ലോത്ത് പ്രിന്റിന്റെ അച്ചടിക്കൂലി. ഫ്രെയിം കൂടി സ്ഥാപിക്കപ്പെടുമ്പോൾ ഇത് 35 രൂപയാകും.
ഗുണം നോക്കാതെ വില മാത്രം നോക്കി പോകുന്നവർ ഇന്നും ശിവകാശി പ്രസുകളിൽ പോസ്റ്ററുകൾ അച്ചടിക്കുന്നുണ്ട്. ഏജന്റുമാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. മികച്ച രീതിയിൽ ന്യായമായ നിരക്കിൽ വേഗതയിൽ പ്രിന്റിംഗ് പൂർത്തിയാക്കാൻ ശേഷിയുള്ള പ്രസുകൾ നമ്മുടെ നാട്ടിലുണ്ട്. പേപ്പർ ക്ഷാമമാണ് മേഖല നേരിടുന്ന പ്രതിസന്ധി.
- മോഹനൻ പിള്ള, കേരള പ്രിന്റേഴ്സ് അസോസിയേഷൻ