s

ആലപ്പുഴ: കതിരും പതിരും വേർതിരിഞ്ഞ് സ്ഥാനാർത്ഥികൾ കളത്തിലിറങ്ങിയതോടെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ

മുന്നണികൾ ആവനാഴിയിലെ സകല അസ്ത്രങ്ങൾക്കും മൂർച്ച കൂട്ടുന്ന തിരക്കിലായി. തിരഞ്ഞെടുപ്പ് തീയതിയിലേക്കടുക്കുമ്പോൾ ഇവ ഓരോന്നായി എതിരാളിയുടെ ഇടനെഞ്ചു നോക്കി തൊടുക്കാൻ പ്രത്യേക 'പരിശീലന'വും നേതാക്കൾ അണികളിലേക്കു പകർന്നുകൊണ്ടിരിക്കുകയാണ്.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ വൈകിട്ടാണ് അവസാനിച്ചത്. ഇതോടെ ജില്ലയിലെ 9 നിയമസഭ മണ്ഡലങ്ങളിലും ചിത്രം വ്യക്തമായി. എല്ലാ മണ്ഡലങ്ങളിലും ത്രികോണമത്സരത്തിന് വേദിയോരുങ്ങിയതോടെ ഇനി പോരാട്ടത്തിന്റെ ചൂടും ചൂരുമേറും. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ പരമാവധി വോട്ടർമാരെ നേരിൽക്കാണാനുള്ള പരിശ്രമത്തിലാണ്. പ്രചാരണത്തിന്റെ തുടക്കത്തിൽ എൽ.ഡി.എഫ് ഒരുപടി മുന്നിലെത്തിയെങ്കിലും ആദ്യത്തെ പതുങ്ങൽ മാറി യു.ഡി.എഫും എൻ.ഡി.എയും വാശിയോടെ മുന്നേറിയപ്പോൾ മൂന്നു മുന്നണികളും ഒരേ വേഗത്തിലായി. പ്രധാന സ്ഥലങ്ങളിൽ ചുവരെഴുത്ത്, പോസ്റ്റർ പതിക്കൽ, ബാനർ സ്ഥാപിക്കൽ, ബൂത്ത് ഓഫീസ് കെട്ടൽ തുടങ്ങിയവ പൂർത്തിയായിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ എൽ.ഡി.എഫ് ഒരുഭാഗത്ത് അശ്രാന്ത പരിശ്രമം നടത്തവേ, മണ്ഡലങ്ങളിലെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് കട്ടയ്ക്കുകട്ട നിൽക്കുകയാണ്. അട്ടിമറി വിജയ പ്രതീക്ഷയിൽ എൻ.ഡി.എ സ്ഥാനാർത്ഥികളും ഒപ്പമുണ്ട്. കരുത്തരായ സ്ഥാനാർത്ഥികളെയാണ് ഇത്തവണ എല്ലാ മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം സാമുദായിക വോട്ടുകൾകൂടി തങ്ങളുടെ അക്കൗണ്ടിലാക്കാനുള്ള പ്രവർത്തനമാണ് മുന്നണികൾ നടത്തുന്നത്.