investigation

പത്തനംതിട്ട സ്വദേശിനിയായ ജസ്‌ന മരിയ ജെയിംസ് ഇപ്പോഴും കാണാമറയത്താണ്. അന്വേഷണസംഘങ്ങൾ മാറിമറിഞ്ഞു. ഒടുവിൽ കേസ് സി.ബി.ഐയുടെ കൈകളിലേക്ക് എത്തി. മികച്ച അന്വേഷണ ഉദ്യോഗസ്ഥരുള്ള കേരള പൊലീസിന് എന്തുകൊണ്ട് ജെസ്‌നയെ കണ്ടെത്താനായില്ലെന്ന ചോദ്യം ആഴത്തിലുള്ളതാണ്. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും പ്രത്യേകവി​ഭാഗമായി​ മാറ്റി​യെന്ന പ്രഖ്യാപനം പൂർണമാകാത്തതി​ന്റെ നേർചി​ത്രമാണ് തെളിയിക്കപ്പെടാത്ത കേസുകൾ. പൊ​ലീ​സി​​​ൽ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ഫ​ല​പ്ര​ദ​മാ​യി​​​ ന​ട​പ്പാ​കു​ന്നി​​​ല്ലെ​ന്നാ​ണ് ​പ്ര​ധാ​ന​ ​വ​സ്‌​തു​ത.

മൂന്നു വർഷമായി​ ഉത്തരം കി​ട്ടാത്ത ചോദ്യമാണ് ജെസ്ന എവി​ടെ എന്നത്. ആദ്യം ലോക്കൽ പൊലീസ്, പി​ന്നീട് ക്രൈംബ്രാഞ്ച്, പത്തനംതി​ട്ട പൊലീസ് മേധാവി​യും മി​കച്ച കുറ്റാന്വേഷകനുമായ കെ.ജി​. സൈമൺ​ എന്നി​വരുടെ നേതൃത്വത്തി​ലുള്ള സംഘങ്ങൾ നനഞ്ഞ പടക്കമായി​. എല്ലാവരും കേസ് തെളി​യി​ക്കാനാകുമെന്ന നി​ലപാടി​ലായി​രുന്നു. പക്ഷേ, എന്തുകൊണ്ട് തെളി​ഞ്ഞി​ല്ല. പത്തനംതി​ട്ട പൊലീസ് മേധാവി​യെന്ന ചുമതലയ്‌ക്ക് ഒപ്പമായി​രുന്നു കെ.ജി.സൈമണി​ന്റെ അന്വേഷണം. കൂടത്തായി​ കേസ് തെളി​യി​ച്ച സൈമണിനെ അന്വേഷണ വഴി​കൾ ആരും പഠി​പ്പി​ക്കേണ്ട. ക്രൈംബ്രാഞ്ചി​ലി​രുന്ന്, തെളി​യാത്ത നി​രവധി​ കേസുകളി​ലെ പ്രതി​കളെ പി​ടി​കൂടി​യ ട്രാക്ക് റെക്കാഡ് സൈമണുണ്ട്. എന്നാൽ കേരള പൊലീസി​നെ കടലാസിൽ മാത്രമായി കുറ്റാന്വേഷണവും ക്രമസമാധാനവും എന്ന രണ്ടു വി​ഭാഗമായി​ നിലനിറുത്തേണ്ട കാലം കഴി​ഞ്ഞെന്ന ഓർമ്മപ്പെടുത്തൽ കൂടി​യാണ് ജെസ്‌ന തി​രോധാന കേസ്.

ക്രമസമാധാനപാലനമെന്ന ബൃഹത്തായ ജോലി​ക്കൊപ്പം കുറ്റാന്വേഷണവും നടത്തി​ക്കൊണ്ടുപോകാനാവി​ല്ല. ക്രി​മി​നൽ കേസുകളുടെ എണ്ണം പെരുകുകയും സൈബർ കുറ്റങ്ങളുടെ പുതി​യ ലോകം തുറക്കുകയും ചെയ്‌തതോടെയാണ് കേരള പൊലീസി​നെ രണ്ടു വി​ഭാഗമായി​ മാറ്റാൻ തീരുമാനി​ച്ചത്. ഇതി​ന്റെ ഭാഗമായുള്ള പ്രധാന പരി​ഷ്‌കരണമായി​രുന്നു സ്‌റ്റേഷൻ ചുമതലയി​ൽ നി​ന്ന് എസ്.ഐമാരെ മാറ്റി​ സി​.ഐമാരെ നി​യോഗി​ച്ചത്. അതൊടൊപ്പം ക്രൈംകേസുകൾ അന്വേഷി​ക്കാൻ ഒരു എസ്.ഐയുടെ നേതൃത്വത്തി​ലുള്ള സംഘത്തെയും നി​യോഗി​ച്ചു. എന്നാൽ, താഴെത്തട്ടി​ലുള്ള ഈ പരി​ഷ്‌ക്കരണം മുകളി​ലേക്ക് എത്തി​യി​ല്ല. കേസുകൾക്ക് മേൽനോട്ടം വഹി​ച്ചത് മറ്റ് ചുമതലകളുള്ള ഉന്നത ഉദ്യോഗസ്ഥർ തന്നെയായി​രുന്നു. ഇത് അന്വേഷണത്തി​ന്റെ വേഗതയെ ബാധി​ച്ചു. പ്രധാന കേസുകളി​ൽ മേൽനോട്ടം വഹി​ക്കാൻ സ്വതന്ത്ര ചുമതലയുള്ള ഐ.പി​.എസ് ഉദ്യോഗസ്ഥർ ക്രൈം വിഭാഗത്തി​ലുണ്ടായാൽ മാത്രമേ കേസന്വേഷണം ഫലപ്രദമാകുകയുള്ളൂവെന്ന് വി​ലയി​രുത്തപ്പെടുന്നു. അതി​നുള്ള വഴി​കളാണ് കേരള പൊലീസി​ൽ ഇനി​ തുറക്കേണ്ടത്.

നിയമം ശക്തം, പക്ഷേ...

അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതാണ് പോക്സോ കേസുകൾ ( പ്രൊട്ടക്‌ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്‌ഷ്വൽ ഒഫൻസസ് ആക്‌ട്). കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന്റെ ഭാഗമായി 2012 ലാണ് നിയമം നിലവിൽ വന്നത്. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള എല്ലാ ലൈംഗിക അതിക്രമങ്ങളും പ്രേരണയും നഗ്‌നചിത്ര പ്രചാരണവും നിയമത്തിന്റെ പരിധിയിൽ വരും. കുറ്റക്കാരായി കണ്ടെത്തിയാൽ സെക്‌ഷൻ മൂന്നു പ്രകാരം ഏഴുവർഷം തടവും പിഴയുമാണ് കുറഞ്ഞ ശിക്ഷ. അത് ജീവപര്യന്തം വരെയാകാനും സാദ്ധ്യതയുണ്ട്.

എന്നാൽ, കേസുകൾ രജിസ്‌റ്റർ ചെയ്യപ്പെടുന്നുണ്ടെങ്കിലും വിചാരണ വൈകുന്നത് തിരിച്ചടിയാണ്. ഒരു വർഷം കൊണ്ട് പോക്‌സോ കേസുകളിൽ തീർപ്പ് കൽപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എല്ലാ ജില്ലകളിലും പ്രത്യേക കോടതികളും വേണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് പോക്‌സോ കോടതികളുള്ളത്. മറ്റ് ജില്ലകളിൽ ഒന്നാം ക്ളാസ് മജിസ്‌ട്രേട്ട് കോടതികളാണ് കേസുകൾ പരിഗണിക്കുന്നത്. ഇവിടെയും പൊലീസ് അന്വേഷണം കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ട്. ചൈൽഡ് ലൈനെ ഇത്തരം കേസുകളിലെ പ്രാഥമിക അന്വേഷണ ഏജൻസിയെന്ന് വിശേഷിപ്പിക്കാം. എന്നാൽ, പൊലീസിലേക്ക് വിവരം കൈമാറുന്നതോടെ കേസുകൾ അട്ടിമറിക്കപ്പെട്ട സംഭവങ്ങളുമുണ്ട്. പോക്സോ കേസുകളിൽ പ്രതികളിൽ ഭൂരിഭാഗവും കുട്ടിയുമായി രക്തബന്ധമുള്ളവരാണ്. അല്ലെങ്കിൽ അയൽവാസികൾ, അദ്ധ്യാപകർ, മദ്രസ അദ്ധ്യാപകർ എന്നിവരും ഉൾപ്പെടുന്നു. ചില കേസുകളിൽ രക്ഷിതാക്കളാണ് പ്രതികൾ. കേസിലേക്ക് കാര്യങ്ങൾ നീങ്ങുന്നതോടെ സമൂഹത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള സമ്മർദ്ദമാണ് കേസിനെ വഴിതെറ്റിക്കുന്നത്.

നിയമങ്ങൾ ശക്തമാണെങ്കിലും അത് നടപ്പാക്കുന്നതിലെ വീഴ്ചകളാണ് പലർക്കും നീതി ലഭിക്കാൻ വൈകുന്നത്. പോക്‌സോ കേസുകളിൽ വിചാരണ വൈകരുതെന്ന് പലതവണ സുപ്രീംകോടതി ഓർമ്മപ്പെടുത്തിയിരുന്നു. ഒന്നും നടപ്പായില്ല. ചില കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നത് പോലും അനന്തമായി നീളുന്നു. എന്തെങ്കിലും ചില റിപ്പോർട്ടുകൾ ലഭിക്കാനുണ്ടെന്നായിരിക്കും മുടന്തൻ ന്യായം. ഈ പ്രശ്‌നങ്ങൾ തന്നെയാണ് വാളയാറിലെ അമ്മയിലൂടെ ഉയരുന്നതും. മക്കൾക്ക് നീതി കിട്ടാനുള്ള പോരാട്ടത്തിലൂടെ പുറത്തുവരുന്നത് കേസന്വേഷണങ്ങളിലെ അട്ടിമറികളും കോടതികളിലെ വീഴ്ചകളുമാണ്. ശക്തമായ നിയമമുണ്ടായിട്ട് കാര്യമില്ല. പഴുതടച്ച് അത് നടപ്പാക്കാൻ അന്വേഷണ ഏജൻസികൾക്കും കോടതി നടപടികൾക്കും കഴിയണം. അതിനായി ഒരു മേൽനോട്ട സമിതിയുടെ അഭാവം നിഴലിച്ചു നിൽക്കുന്നു.

പ്രതീക്ഷ

ക്രമസമാധാനപാലനവും കുറ്റാന്വേഷണവും കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ 25 പൊലീസ് സബ് ഡിവിഷനുകൾ നിലവിൽ വന്നത് പ്രതീക്ഷയേകുന്നു. ഇതോടെ സംസ്ഥാനത്ത് 83 സബ് ഡിവിഷനുകളായി. സർക്കിൾ ഓഫീസുകൾ ഇല്ലാതെയായതോടെ പൊലീസ് സ്‌റ്റേഷനുകളുടെ മേൽനോട്ടം കാര്യക്ഷമമല്ലെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്.ഐയിൽ നിന്ന് സർക്കിൾ ഇൻസ്‌പെക്‌ടർമാർക്ക് കൈമാറിയതോടെയാണ് സർക്കിൾ ഓഫീസുകൾ ഇല്ലാതായത്. അതോടെ സ്‌റ്റേഷനുകളുടെ മേൽനോട്ട ചുമതല ഡിവൈ.എസ്.പിമാർക്കും അസി. കമ്മിഷണർമാർക്കുമായി. ഒരു ഉദ്യോഗസ്ഥന്റെ കീഴിൽ പത്തും പന്ത്രണ്ടും സ്‌റ്റേഷനുകൾ വന്നതോടെ എല്ലാം താളം തെറ്റി. കേസന്വേഷണങ്ങൾക്കും മേൽനോട്ടമില്ലാതെയായി. ഇത് പരിഹരിക്കുന്നതിനാണ് നാലും അഞ്ചും സ്‌റ്റേഷനുകൾ ഉൾപ്പെടുത്തി സബ്ഡിവിഷനുകൾ വിഭജിച്ചത്.