ആലപ്പുഴ: സാക്ഷരത മിഷൻ നടത്തുന്ന 'ഗുഡ് ഇംഗ്ലീഷ് ' സർട്ടിഫിക്കറ്റ് കോഴ്‌സ് മൂന്നാം ബാച്ചിൽ ആലപ്പുഴയ്ക്ക് നൂറ് ശതമാനം വിജയം. ഏറ്റവും പ്രായം കൂടിയ പഠിതാവ് സുഭാഷിണി (70) എ ഗ്രേഡ് കരസ്ഥമാക്കി. 38 പേരാണ് പരീക്ഷ എഴുതിയത്. 22 പേർക്ക് എ ഗ്രേഡ് ലഭിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡ് അരക്കംപള്ളിവെളി വീട്ടിൽ സുഭാഷിണി സാക്ഷരതാ മിഷൻ വഴി പത്താം തരം തുല്യതയും ഹയർ സെക്കൻഡറി തുല്യതയും വിജയിച്ചിരുന്നു. ജില്ലാതല തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം, അച്ഛീ ഹിന്ദി എന്നീ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്കുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി. ഏപ്രിൽ 10ന് ക്ലാസുകൾ ആരംഭിക്കും.