photo
അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംഘടിപ്പിച്ച കുടുംബസംഗമം ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ: സൗജന്യമായി കിറ്റുകൾ നൽകിയല്ല, പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയവർക്ക് അർഹതപ്പെട്ട ജോലി നൽകിയാണ് സർക്കാർ നീതി ഉറപ്പാക്കേണ്ടതെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവിന്റെ തിരഞ്ഞടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ. കുടുംബങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങളും സർക്കാരിൽ നിന്ന് യഥാസമയം ലഭ്യമാകണം. പി.എസ്.സി റാങ്ക് ലിസ്റ്റിൽപ്പെട്ടവരും വാളയാറിലെ അമ്മയും കാസർകോട്ടെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മാതാപിതാക്കളും നീതിക്കു വേണ്ടി പോരാടുകയാണ്. നാട്ടിലെ വിശ്വാസികൾക്ക് നീതി ഉറപ്പാക്കേണ്ട സർക്കാർ ആചാരങ്ങളെ ചവിട്ടിമെതിച്ച് ശബരിമലയിൽ അക്രമങ്ങൾ അഴിച്ചുവിട്ടു. അയ്യപ്പഭക്തരെയും മക്കളെയും ജയിലിൽ അടയ്ക്കുന്നതാണോ സർക്കാരിന്റെ നീതിയെന്ന് വ്യക്തമാക്കണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.