
ചേർത്തല: കൈക്കുഞ്ഞായിരിക്കെ രാഹുൽ ഗാന്ധിയിൽ നിന്ന് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ച 7 വയസുകാരൻ ആദിൽ വേദിയിലെത്തി പൂവ് നൽകി രാഹുലിനെ സ്വീകരിച്ചത് കൗതുകക്കാഴ്ചയായി. കുത്തിയതോട് നാളികാട് ശ്രീസദനത്തിൽ മോഹനൻ-സുനിത ദമ്പതികളുടെ മകനാണ് ആദിൽ ആയുഷ്‌ദേവ്. വയലാറിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ആദിലും രാഹുലും 'കണ്ടുമുട്ടി'യത്. 2014ൽ രാഹുൽ ആലപ്പുഴയിൽ സന്ദർശനം നടത്തുന്നതിനിടെ തുറവൂർ ആശുപത്രിയിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആദിലിനെ കണ്ടത്. പൾസ് പോളിയോ എടുക്കാനെത്തിയ കുഞ്ഞിന് ആരോഗ്യ പ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ രാഹുലാണ് തുള്ളിമരുന്നു നൽകിയത്. ആരോഗ്യ പ്രവർത്തകർ നൽകേണ്ട മരുന്ന് രാഹുൽഗാന്ധി നൽകിയത് അന്നു വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. രാഹുൽ വീണ്ടും ആലപ്പുഴയിൽ എത്തുന്ന വിവരമറിഞ്ഞാണ് മാതാപിതാക്കൾക്കൊപ്പം ആദിൽ അദ്ദേഹത്തെ കാണാനെത്തിയത്. തിരക്കിനിടയിലും കോൺഗ്രസ് നേതാക്കൾ ആദിലിനെ രാഹുലിന്റെയടുത്ത് എത്തിച്ചു. ആലിംഗനം ചെയ്താണ് രാഹുൽ ആദിലിനെ സ്വീകരിച്ചത്.