a

മാവേലിക്കര- നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി പോസ്റ്റിലിടിച്ച് ഗൃഹനാഥൻ മരിച്ചു. ചെട്ടികുളങ്ങര ഈരേഴ തെക്ക് പടിഞ്ഞാറെവീട്ടിൽ പരേതനായ ചന്ദ്രൻപിള്ളയുടേയും ശ്രീദേവിയമ്മയുടേയും മകൻ അനിൽകുമാർ (അമ്പിളി–51) ആണ് മരിച്ചത്. പല്ലാരിമംഗലം പുഞ്ചക്കാല ജംക്‌ഷന് തെക്ക് ഇന്നലെ ഉച്ചക്ക് മൂന്നരയോടെയായിരുന്നു അപകടം . മാവേലിക്കര ഭാഗത്തേക്ക് വരികയായിരുന്ന അനിൽകുമാർ സഞ്ചരിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബയിൽ ബിൽഡിംഗ് സെക്ഷനിൽ സൂപ്പർവൈസിംഗ് മാനേജരായ അനിൽ കുമാർ 2020ൽ ലോക്ക്ഡൗണിന് മുമ്പ് നാട്ടിലെത്തിയതാണ്. തിരികെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് മരണം. ഭാര്യ:രാജശ്രീ ദുബായിൽ എച്ച്.ആർ വിഭാഗം ഉദ്യോഗസ്ഥയാണ്). മക്കൾ: ഗൗരി, ഗായത്രി (ഇരുവരും ദുബായ്). മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.