
യു.ഡി.എഫ് ക്യാമ്പിൽ ആവേശത്തിരയായി രാഹുലിന്റെ റോഡ് ഷോ
ആലപ്പുഴ: മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത്, അവരുടെ ആശങ്കകൾക്കൊപ്പം നിന്ന് ജില്ലയിലെ ദേശീയപാതയിലൂടെ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയ്‌ക്ക് കടലിരമ്പത്തിന്റെ മുഴക്കമുണ്ടായിരുന്നു. അരൂർ മുതൽ ചേപ്പാട് വരെ ഇളക്കി മറിച്ചുകൊണ്ടുള്ള പ്രചാരണം തിരഞ്ഞെടുപ്പ് കൈയകലെ നിൽക്കെ യു.ഡി.എഫിൽ നിറച്ച ആവേശം ചെറുതല്ല.
പതിവു പോലെ രാഹുൽ സ്‌റ്റൈലിലായിരുന്നു റോഡ് ഷോ. പറഞ്ഞ സമയത്തിനും മുമ്പേ രാഹുൽ ഗാന്ധി എറണാകുളത്തു നിന്ന് പാഞ്ഞെത്തി. ജില്ലാ അതിർത്തിയായ അരൂരിൽ സ്വീകരിക്കാൻ കാത്തു നിന്ന കോൺഗ്രസുകാർ ഒന്നു ഞെട്ടി. റോഡ് ഷോയ്‌ക്ക് സമയമായില്ലെന്ന് തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി ബൈപ്പാസ് ജംഗ്‌ഷനിലെ ധനഞ്ജയന്റെ ബേക്കറിയിലേക്ക് ഓടിക്കയറി. ചായയും മധുരപലഹാരങ്ങളും ഒാർഡർ ചെയ്‌തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. അരൂരിൽ നിന്ന് നാലിനാണ് റോഡ് ഷോ നിശ്ചയിച്ചിരുന്നത്. എന്നാൽ, രാഹുൽ മൂന്നരയ്ക്ക് സ്ഥലത്തെത്തി. ചായ കുടിയും കഴിഞ്ഞ് പ്രവർത്തകർക്കിടയിലൂടെ കാറിലേക്ക്.
വാഹനവ്യൂഹം എരമല്ലൂരിൽ എത്തിയപ്പോൾ തിങ്ങിക്കൂടിയവർക്ക് ഇടയിലേക്ക് ഇറങ്ങാൻ കാറിന്റെ ഡോർ രാഹുൽ തുറന്നെങ്കിലും ഒരു പ്രവർത്തകൻ വീണതോടെ നീക്കം ഉപേക്ഷിച്ചു. പിന്നീട് വയലാർ കവലയിലെ പൊതുസമ്മേളന വേദിയിലേക്ക്. കൈക്കുഞ്ഞായിരുന്നപ്പോൾ, രാഹുൽ പോളിയോ തുള്ളിമരുന്ന് നൽകിയ ആദിൽ എന്ന ഏഴു വയസുകാരൻ വേദിയിലേക്ക്. പരിചയപ്പെടുത്തിയതോടെ അവന്റെ കവിളിൽ തലോടി രാഹുൽ സ്‌നേഹം പങ്കിട്ടു. പട്ടണക്കാട് കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സിലെ സന്ദർശനം റദ്ദാക്കി നേരേ ചേർത്തലയിലെ സ്വീകരണ കേന്ദ്രത്തിലേക്ക്. ഇവിടെയും അര മണിക്കൂർ മുമ്പെത്തി. കയർ ഫാക്ടറി സന്ദർശിക്കാതിരുന്നതിനാൽ തൊഴിലാളികൾ നിരാശരാണെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചതോടെ ചേർത്തലയിലെ സമ്മേളനം അവസാനിച്ച് 5.30 ഓടെ രാഹുലും സംഘവും ഒരു കിലോമീറ്റർ പിന്നിലുള്ള ഫാക്ടറിയിലേക്കു നീങ്ങി.
ഇവിടെ നിന്ന് 6.10ന് ഇറങ്ങി ആലപ്പുഴ കൊമ്മാടിയിലെ വേദിയിൽ എത്തുമ്പോൾ അസ്മമയ സൂര്യന്റെ കിരണങ്ങൾ കടലിലേക്ക് താഴ്ന്നിരുന്നു. മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയ അനുഭവം വിവരിച്ചുകൊണ്ടുള്ള പ്രസംഗം മുക്കാൽ മണിക്കൂർ നീണ്ടു. അവസാന പൊതുസമ്മേളന വേദിയായ ചേപ്പാട് എത്തുമ്പോഴേക്കും സമയം രാത്രി എട്ടര പിന്നിട്ടിരുന്നു. ഹരിപ്പാട് എൻ.ടി.പി.സി ഗസ്‌റ്റ് ഹൗസിൽ തങ്ങിയ രാഹുലിന്റെ ഇന്നത്തെ പര്യടനം കാേട്ടയം, എറണാകുളം ജില്ലകളിലാണ്.