
ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ വിദ്വേഷം പരത്തുംവിധം സംസാരിച്ച ആലപ്പുഴ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകി.
കേരളത്തിലെ പെൺകുട്ടികളെ സിറിയയിലേക്ക് അയയ്ക്കുന്നുണ്ടെന്നും ഒരാളെ അറുപതോളം പേരുടെ ഭാര്യയാക്കിക്കൊണ്ട് തീവ്രവാദികളെ പ്രസവിപ്പിക്കുകയാണെന്നും കയർഫാക്ടറിയിൽ വോട്ടുതേടി എത്തിയപ്പോൾ സന്ദീപ് പ്രസംഗിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഹിന്ദു പെൺകുട്ടികളെ വിൽക്കുന്നത് തടയാൻ ഇടത് സർക്കാർ ഒന്നും ചെയ്യുന്നില്ല. എന്നിട്ട് മതേതരത്വം പറയുകയാണെന്നും വോട്ടർമാർ ആലോചിച്ച് വോട്ട് ചെയ്യണമെന്നും സന്ദീപ് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയത്.