
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ പ്രകൃതി സൗഹൃദ സന്ദേശം നൽകുന്നതിന്റെ ഭാഗമായി കളക്ടറേറ്റിൽ ഹരിത പോളിംഗ് ബൂത്തിന്റെ മാതൃക ഒരുക്കി. ഹരിത പെരുമാറ്റച്ചട്ട മാതൃകാ ബൂത്തിന്റെ ഉദ്ഘാടനം കളക്ടർ എ. അലക്സാണ്ടർ നിർവഹിച്ചു. 'ഹരിതമാകട്ടെ ഈ തിരഞ്ഞെടുപ്പ്' എന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് ശുചിത്വമിഷൻ ബൂത്ത് നിർമിച്ചത്.
പൂർണമായും പ്രകൃതി സൗഹൃദ വസ്തുക്കളും പുനരുപയോഗത്തിന് സാദ്ധ്യമായ വസ്തുക്കളും ഉപയോഗിച്ചാണ് ബൂത്തിന്റെ നിർമ്മാണം. ശുചിത്വ സന്ദേശങ്ങൾ ബൂത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. കുടിവെള്ളം, സാനിട്ടൈസർ, ഉപയോഗ ശേഷം ഗ്ലൗസ് അടക്കമുള്ളവ നിക്ഷേപിക്കുന്നതിനുള്ള കുട്ടകൾ എന്നിവയും ഇവിടെയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ വോട്ട് രേഖപ്പെടുത്തണമെന്നതടക്കമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് മനസിലാക്കാനുള്ള ലഘു ലേഖകളും ബൂത്തിലുണ്ട്. വോട്ടിംഗ് മെഷീൻ, കൺട്രോൾ, ബാലറ്റ് യൂണിറ്റുകൾ എന്നിവയുടെ പ്രവർത്തനം മനസിലാക്കാനായി ഇവിടെ മെഷീനുകൾ സജ്ജമാക്കാനും കളക്ടർ നിർദ്ദേശിച്ചു.