ph

കായംകുളം : രാവിലെ മുതൽ തുടങ്ങിയ പ്രചാരണത്തിന് ചെറിയൊരു ഇളവു കൊടുത്ത് ഉച്ചനേരത്ത് കെ.പി റോഡിൽ കൊപ്രാപ്പുര - കൃഷ്ണപുരം റോഡിൽ ആലുംമൂട്ടിൽ കളിത്തട്ടിൽ വിശ്രമിയ്ക്കുമ്പോഴാണ് കായംകുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥി പി. പ്രദീപ് ലാലിനെ കാണുന്നത്. പ്രവർത്തകരും ബി.ജെ.പി നേതാക്കളായ പാലമുറ്റത്ത് വിജയകുമാറും പാറയിൽ രാധാകൃഷ്ണനും ഒപ്പമുണ്ട്.

കത്തിജ്വലിയ്ക്കുന്ന മീനമാസത്തിലെ സൂര്യനാണ് സ്ഥാനാർത്ഥിയെയും സംഘത്തെയും ഇരുത്തിക്കളഞ്ഞത്. വിശ്രമത്തിനു ശേഷം തൊട്ടടുത്ത് താമസിയ്ക്കുന്ന എൻ.എസ്.എസ് കരയോഗം സെക്രട്ടറി രഘുനാഥൻ നായരുടെ വീട്ടിൽ കയറി വോട്ടഭ്യർത്ഥന നടത്തി. നരേന്ദ്രമോദിയെപ്പറ്റി പറയാൻ പ്രദീപ് ലാലിന് നൂറുനാവ്.

ശുഭ്രവസ്ത്രം ധരിച്ച് സുസ്മേര വദനനായ പ്രദീപ് ലാൽ കായംകുളത്തുകാർക്ക് സുപരിചിതനാണ്. നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻ.ഡി.എ യ്ക്ക് വേണ്ടിയാണ് താൻ വോട്ട് അഭ്യർത്ഥിയ്ക്കുന്നതെന്ന് പ്രദീപ് ലാൽ പറഞ്ഞു.മോദിയ്ക്കും കേന്ദ്രസർക്കാരിനും സ്ഥാനം ജനങ്ങളുടെ ഹൃദയത്തിലാണെന്നതിൽ സ്ഥാനാർത്ഥിക്ക് സംശയമില്ല. പ്രചാരണ രംഗത്ത് തനിയ്ക്ക് ഇത് കൂടുതൽ ബോദ്ധ്യമായതായി പ്രദീപ് ലാൽ പറയുന്നു.രാവിലെ എട്ടുമണിയോടെ കൃഷ്ണപുരം അഴകിയകാവ് ക്ഷേത്രത്തിൽ നിന്നാണ് യാത്ര തിരിച്ചത്. പ്രചാരണം രാത്രി വരെ നീളും.

നാടിന്റെ വികസനത്തിന് എൻ.ഡി.എ അധികാരത്തിലെത്തണം.ജനങ്ങളെ വഞ്ചിച്ച ഇടത്, വലത് മുന്നണികളെ തൂത്തെറിയണം.ഇത്തവണ കായംകുളത്തിന്റെ എം.എൽ.എ താൻ തന്നെയാണന്ന് പ്രദീപ് ലാൽ പറയുന്നു.മണ്ഡലത്തിൽ എൻ.ഡി.എയുടെ സ്വാധീനവും വോട്ട് വളർച്ചയും വലിയ ആത്മവിശ്വാസമാണ് പകരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 20000 വോട്ടായിരുന്നു എൻ.ഡി.എ നേടിയതെങ്കിലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അത് 35000 ത്തിൽ അധികമായി.

നഗരത്തെ ഇളക്കിമറിച്ച റോഡ് ഷോയും പരമാവധി വീടുകൾയറിയുള്ള വോട്ടുപിടുത്തവും ഗുണകരമാകുമെന്നാണ് വിശ്വാസം. മണ്ഡലത്തിൽ ബി.ജെ.പിയും സംഘപരിവാർ പ്രസ്ഥാനങ്ങളും ബി.ഡി.ജെ.എസും എല്ലാം ശക്തമായ പ്രചാരണത്തിലാണ്.സ്വീകരണ പരിപാടികൾ 26 ന് തുടങ്ങും.ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും നടൻ ദേവനും മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പ്രദീപ് ലാൽ. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എന്ന നിലയിൽ മണ്ഡലമൊട്ടുക്കും അറിയപ്പെടുന്ന വ്യക്തിത്വം കൂടിയാണ് പ്രദീപ്.