ആലപ്പുഴ: ഇരട്ട വോട്ടുകൾക്ക് പിന്നിൽ സംഘടിത നീക്കമുള്ളതായി ആക്ഷേപമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ സംസസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് ചേർത്ത വോട്ടിനെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്. മുമ്പും ഇത്തരം നീക്കങ്ങളുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ കാര്യങ്ങൾ പരിശോധിക്കുകയാണ്.തിരഞ്ഞെടുപ്പ് അടുക്കും തോറും കോൺഗ്രസ് ക്ഷയിക്കുന്നു. സ്‌ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് പലരും കോൺഗ്രസിൽ നിന്ന് പുറത്തേക്ക് വരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കഴിഞ്ഞ ദിവസം പാർട്ടിവിട്ടു. മഹിള കോൺഗ്രസ് അദ്ധ്യക്ഷയ്‌ക്ക് തല മുണ്ഡലം ചെയ്‌ത് പ്രതിഷേധിക്കേണ്ടി വന്നു. സ്‌ത്രീകൾക്ക് കോൺഗ്രസ് സംരക്ഷണമോ പരിഗണനയോ നൽകുന്നില്ല. അതേസമയം, ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലേക്ക് സ്‌ത്രീകൾ ഒഴുകിയെത്തുന്നു. കേരളത്തെ സ്‌ത്രീ സൗഹൃദമാക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം.

ബി.ജെ.പിക്ക് രണ്ടു മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഇല്ലാത്തത് പ്രാദേശികമായി വോട്ടു മറിക്കലിന്റെ സൂചനയാണ്.യു.ഡി.എഫിനായുള്ള ഒത്തുകളിയാണ് നടക്കുന്നത്. പത്രിക തള്ളിയതിനെക്കുറിച്ച് പറയുന്ന ന്യായങ്ങൾ വിശ്വസനീയമല്ല. അത് വരും ദിവസങ്ങളിൽ തെളിയും. മതരാഷ്‌ട്രവാദത്തിന് ഇടതുമുന്നണി എതിരാണ്. സംഘപരിവാർ നീക്കങ്ങൾ ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്‌ടിക്കുന്നു. ഇത് മുതലെടുക്കാൻ ജമാഅത്തെ ഇസ്ളാമിയും എസ്.ഡി.പി.ഐയും ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ എൽ.ഡി.എഫിനുള്ള ജനപിന്തുണ വർദ്ധിക്കുന്നുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ചില അപ്രതീക്ഷിത സംഭവങ്ങളുണ്ടായേക്കാം. പരാജയഭീതിയുണ്ടാകുമ്പോൾ ചിലർക്ക് എന്തും കാട്ടിക്കൂട്ടാൻ മടിയില്ലാത്തതിനാൽ കരുതിയിരിക്കണമെന്നും പിണറായി പറഞ്ഞു.

സർക്കാരിനെ വിമർശിക്കാൻ എൻ.എസ്.എസിന് സ്വതന്ത്ര്യമുണ്ടെങ്കിലും അതിന് തക്ക കാരണമുണ്ടോയെന്ന് വിമർശിക്കുന്നവർ പരിശോധിക്കണം. അല്ലെങ്കിൽ ആ സമുദായത്തിലുള്ളവർ അംഗീകരിക്കില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.