
കൊവിഡ് കാല ഫണ്ട് പിരിവ് നേതാക്കൾക്ക് വെല്ലുവിളി
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മഷിയുണങ്ങും മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കവേ, പ്രചാരണത്തിനുള്ള ഫണ്ട് കണ്ടെത്താൻ പെടാപ്പാട് പെടുകയാണ് സ്ഥാനാർത്ഥികളും നേതാക്കളും. കൊവിഡ് വഴിമുടക്കി നിന്നിരുന്നതിനാൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും സ്ഥാനാർത്ഥികളുടെയും പ്രധാന നേതാക്കളുടെയും പോക്കറ്റ് കീറിപ്പറിഞ്ഞ അവസ്ഥയിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വന്നിട്ടും കൊവിഡിനു കുലുക്കമില്ലാത്തതിനാൽ രാഷ്ട്രീയക്കാരുടെ 'കറവപ്പശു'ക്കളായിരുന്ന പണച്ചാക്കുകൾ പോലും ഇതിന്റെ പേരിൽ സംഭാവനത്തുക വെട്ടിക്കുറച്ചതാണ് നില വഷളാക്കുന്നത്.
ഫണ്ട് പിരിവിന് പഴയതുപോലെ ഉഷാറില്ലെന്ന് നേതാക്കളും അണികളും പറയുന്നു. പാർട്ടി ഫണ്ടും പൊതു പിരിവും വഴി ലഭിക്കുന്ന തുക ഉപയോഗിച്ചാണ് ബൂത്ത് അടിസ്ഥാനത്തിലുള്ള ചെലവുകൾ നടക്കുന്നത്. ഇതിനിടെ കണക്ക് പറഞ്ഞ് പിരിവ് വാങ്ങാൻ ചില നേതാക്കളുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായതായും ആക്ഷേപം ഉയർന്നിരുന്നു. ജോലിയുള്ള പാർട്ടി അംഗങ്ങളിൽ നിന്ന് ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ പിരിവ് തുക നിശ്ചയിച്ച് ആവശ്യപ്പെടാറുണ്ട്. പ്രചാരണ നാളുകളിൽ എല്ലാ മുന്നണി സ്ഥാനാർത്ഥികൾക്കും വേണ്ടി സ്ഥിരം പിരിവ് നൽകുന്ന വമ്പൻ ബിസിനസുകാരുണ്ട്. ജയിച്ചു വരുന്നത് ആരാവും എന്ന് പ്രവചിക്കാനാവാത്തതിനാൽ മുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടി തുക നൽകുന്നതിൽ നിന്ന് വ്യവസായികളും വ്യാപാരികളും അധികം പിന്നിലേക്ക് പോകാറില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് പ്രചാരണത്തിനും അനുബന്ധ കാര്യങ്ങൾക്കും ചെലവഴിക്കാവുന്ന പരമാവധി തുക 30.80 ലക്ഷമാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവിൽ കണക്കാക്കും. സ്ഥാനാർത്ഥികൾക്ക് 10,000 രൂപ വരെയുള്ള സാമ്പത്തിക ഇടപാടുകൾ നേരിട്ട് നടത്താം. അതിന് മുകളിലുള്ള ഇടപാടുകൾ ചെക്ക് മുഖേന മാത്രമേ പാടുള്ളൂ.
പിരിവും ചെലവും
ബൂത്ത് തല തിരഞ്ഞെടുപ്പ് ചെലവിനുള്ള തുക അതത് ബൂത്ത് കമ്മിറ്റികൾ പിരിച്ചെടുക്കുന്നതാണ് എൽ.ഡി.എഫിന്റെ പതിവ്. കുടുംബയോഗങ്ങൾ, ചെറിയ സമ്മേളനങ്ങൾ, സ്വീകരണങ്ങൾ തുടങ്ങിയവയ്ക്കാണ് പണം ഉപയോഗിക്കുന്നത്. പോസ്റ്ററുകളും ഫ്ലെക്സും മറ്റ് പ്രചാരണ സാമഗ്രികളും മുകൾ തട്ടിൽ നിന്ന് ആവശ്യാനുസരണം ബൂത്തുകളിലെത്തും. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് നിയോജക മണ്ഡലാടിസ്ഥാനത്തിൽ ലഭിക്കുന്ന തൂക ബൂത്തുകൾക്ക് അനുവദിച്ചും പ്രാദേശികമായി പിരിച്ചുമാണ് യു.ഡി.എഫ് പ്രചാരണ രംഗത്തിറങ്ങുന്നത്. വിവിധ യോഗങ്ങൾ സംഘടിപ്പിക്കൽ, പോസ്റ്റർ, ഫ്ലെക്സ് സ്ഥാപിക്കൽ മുതൽ തിരഞ്ഞെടുപ്പ് ദിവസത്തെ ഭക്ഷണച്ചെലവ് ഉൾപ്പടെയാണ് ബൂത്തുകൾക്ക് ഘട്ടം ഘട്ടമായി ലഭിക്കുന്നത്.
ബി.ജെ.പിയിൽ 'ക്ളാസ്'
മണ്ഡലങ്ങളെ വിജയ സാദ്ധ്യതയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചാണ് ബി.ജെ.പി പണം ചെലവഴിക്കുന്നത്. വിജയ സാധ്യതയുള്ള 'എ' ക്ലാസ് മണ്ഡലത്തിൽ ചെലവഴിക്കുന്നതിന്റെ മൂന്നിലൊന്ന് തുക മാത്രമേ, പ്രതീക്ഷ തീരെയില്ലാത്ത 'സി' ക്ലാസ് മണ്ഡലത്തിൽ ചെലവഴിക്കൂ. വലിയ പരിപാടികൾ നിയോജക മണ്ഡലങ്ങൾ നേരിട്ടും, സ്വീകരണം ഉൾപ്പടെയുള്ള ചെറിയ പരിപാടികൾ ബൂത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിലുമാണ് സംഘടിപ്പിക്കുന്നത്. പാർട്ടി ഫണ്ടിന് പുറമേ, പിരിവ് തുകയും ഉപയോഗിക്കും.