s

ആലപ്പുഴ: നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ കേന്ദ്ര ഏജൻസികളെ നിയമപ്രകാരം നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ വികസനത്തെ തളച്ചുകളയാമെന്ന വ്യമോഹമൊന്നും ഈ ഏജൻസികൾക്ക് വേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെ ഭാഗമായി ആലപ്പുഴ എസ്.ഡി.വി മൈതാനത്ത് നടന്ന പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങൾ അഭിപ്രായം പരസ്യപ്പെടുത്തുന്ന നിലവന്നു. അത് വിവിധ വേദികളിൽ പ്രകടവുമാണ്. 2016ലെ കേരളവും 2021ലെ കേരളവും അവർ താരതമ്യപ്പെടുത്തുന്നു. നിലവാരമുള്ള റോഡും സ്‌കൂളും ആശുപത്രിയും എല്ലാം ജനത്തിന്റെ കൺമുന്നിലുണ്ട്. വികസനത്തിന് തീരദേശ-മലയോര, ഗ്രാമ-നഗര വ്യത്യാസമില്ല. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് അദ്ധ്യക്ഷനായി. മന്ത്രിമാരായ ജി.സുധാകരൻ, ഡോ.ടി.എം.തോമസ് ഐസക് എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി അഡ്വ.കെ.പ്രസാദ് സ്വാഗതം പറഞ്ഞു.സ്ഥാനാർത്ഥികളായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, തോമസ്.കെ.തോമസ് തുടങ്ങിയവർ പങ്കെടുത്തു.