s

 അണികളെ ആവേശത്തിലാഴ്ത്തി പിണറായിയുടെ പര്യടനം

ആലപ്പുഴ: ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കരുത്ത് പകർന്ന് വിപ്ളവ മണ്ണിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പടയോട്ടം. ബി.ജെ.പിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ചുള്ള പ്രസംഗം പ്രവർത്തകരെ ആവേശംകൊള്ളിച്ചു.

സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും വിവാദങ്ങളെ തള്ളിപ്പറഞ്ഞും എതിരാളികൾക്ക് നേരെ പോർമുഖം തുറക്കുന്നതായി ഓരോ വാചകവും. കോൺഗ്രസിൽ നിന്നുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കായിരുന്നു പ്രധാന ആയുധം. സ്‌ത്രീകൾക്ക് പരിഗണന നൽകാത്ത പാർട്ടിയാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സ്‌ത്രീകൾക്ക് പരിഗണന നൽകുന്നതുകൊണ്ടാണ് ഇടതുമുന്നണി യോഗങ്ങളിൽ കൂടുതൽ സ്‌ത്രീ പങ്കാളിത്തമുണ്ടാവാൻ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നലെ രാവിലെ ആലപ്പുഴ നഗരത്തിലെ ഹോട്ടലിൽ മാദ്ധ്യമങ്ങളുമായി സംവദിച്ച ശേഷമായിരുന്നു ജില്ലയിലെ പര്യടനം ആരംഭിച്ചത്. ഹോട്ടലിൽ നിന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറിനൊപ്പം പുറത്തിറങ്ങുമ്പോൾ സമയം പത്തര. പിന്നീട് ഒരു ഓട്ട പ്രദക്ഷിണമായിരുന്നു. ആദ്യത്തെ പൊതുസമ്മേളനം ചേർത്തല തിരുനെല്ലൂർ സ്കൂൾ മൈതാനത്ത്. ചേർത്തല, അരൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടിയായിരുന്നു പ്രചാരണം. ഉച്ചയ്‌ക്ക് പന്ത്രണ്ടോടെ നഗരത്തിലെ എസ്.ഡി.വി സ്കൂൾ മൈതാനിയിലേക്ക്. അമ്പലപ്പുഴ, ആലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥന. പിന്നീട് കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലെ പൊതുയോഗങ്ങളിലും പ്രസംഗിച്ചു. കൊടും ചൂടിനെ അവഗണിച്ച് വൻ ജനാവലിയാണ് ഓരോ യോഗസ്ഥലത്തും നേതാവിനെ കാത്തുനിന്നത്.