ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന് സജ്ജരായ ജില്ലയിലെ യു.ഡി.എഫ് പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന് രാഹുൽ ഗാന്ധി വന്നുപോയതിനു പിന്നാലെ, ഉമ്മൻചാണ്ടി ഇന്നലെ ജില്ലയിൽ ആവേശപ്പുഴയായി.

9 മണ്ഡലങ്ങളിലും നടത്തിയ പര്യടനത്തിൽ പൊള്ളുന്ന ചൂടിനെ അവഗണിച്ച് നൂറുകണക്കിനാളുകളാണ് ഉമ്മൻചാണ്ടിയെ സ്വീകരിക്കാൻ കാത്തുനിന്നത്. വൈകിട്ട് മൂന്നോടെ അരൂർ മണ്ഡലത്തിലെ തൈക്കാട്ടുശേരിയിൽ നിന്നാരംഭിച്ച പര്യടനം രാത്രി വൈകി കുട്ടനാട്ടിലെ എടത്വയിൽ സമാപിച്ചു. ചേർത്തല പുത്തനങ്ങാടി, ആലപ്പുഴ പാതിരപ്പളളി, പുന്നപ്ര, പള്ളിപ്പാട്, ചെട്ടികുളങ്ങര, മാവേലിക്കര, ചെങ്ങന്നൂർ എന്നിവടങ്ങളിലായിരുന്നു പൊതുയോഗങ്ങൾ.

അരൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു. സർവേ ഫലങ്ങൾ കണ്ട് പ്രവർത്തകർ ആശങ്കപ്പെടേണ്ടെന്ന ഉപദേശമായിരുന്നു പ്രസംഗത്തിലെ പ്രധാന സന്ദേശം. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി ആരാണെന്ന് തീരുമാനിക്കുന്നതിന് മുമ്പാണ് സർവേ നടത്തിയത്. അക്കാര്യം സർവേ നടത്തിയവർ പറയുന്നുമുണ്ട്. സർവേ ഫലങ്ങളിൽ യു.ഡി.എഫിന് വിശ്വാസമില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ചേർത്തലയിൽ സ്ഥാനാർത്ഥി എസ്.ശരത്തിന്റെ പ്രചാരണത്തിനായി പുത്തനങ്ങാടിയിലാണ് സമ്മേളനം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കി ഉമ്മൻചാണ്ടിയെ വരവേറ്റു. ചുരുങ്ങിയ വാക്കുകളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനം. യു.ഡി.എഫ് പ്രകടന പത്രികയിലെ ന്യായ് പദ്ധതിയെ കുറിച്ചും സമ്മേളന വേദികളിൽ ഉമ്മൻചാണ്ടി വിശദീകരിച്ചു.

ഡോ. കെ.എസ്. മനോജിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗ സ്ഥലമായ പാതിരപ്പള്ളി എയ്ഞ്ചൽകിംഗ് ഓഡിറ്റോറിയത്തിലും അമ്പലപ്പുഴയിൽ അഡ്വ. എം. ലിജുവിന്റെ വിജയത്തിനായി പുന്നപ്രയിലും ഹരിപ്പാട് നിയോജക മണ്ഡലത്തിലത്തിലെ പള്ളിപ്പാട്ട് രമേശ് ചെന്നത്തലയ്ക്കു വേണ്ടിയും ഉമ്മൻചാണ്ടി കളം കൊഴുപ്പിച്ചു. കായംകുളത്ത് സ്ഥാനാർത്ഥി അരിതാബാബുവുമൊത്ത് റോഡ്ഷോയും നടത്തി. കെ.കെ.ഷാജു, എം.മുരളി, ജേക്കബ് എബ്രാഹം എന്നിവരുടെ പ്രചാരണ പരിപാടികളിലും ഉമ്മൻചാണ്ടി സംസാരിച്ചു.