ആലപ്പുഴ: കൊവിഡ് നിരക്കിൽ ചെറിയ കുറവ് വന്നതിന്റെ ആശ്വാസത്തിനിടെ ജില്ലയിൽ രണ്ട് ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. തുടക്കത്തിലേ സ്ഥിതി നിയന്ത്രണാധീനമാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് മുൻകരുതൽ ജാഗ്രതാ നിർദ്ദേശങ്ങളുമായി രംഗത്ത് വന്നുകഴിഞ്ഞു.
കൊതുക് വളരാൻ സാദ്ധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കണമെന്നും മുൻകരുതൽ എടുക്കണമെന്നതുമാണ് കർശനനിർദ്ദേശം. ഡെങ്കിപ്പനി പരത്തുന്ന കൊതുക് ശുദ്ധ ജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. കൂത്താടി നിയന്ത്രണത്തിനായി ഉറവിട നശീകരണം ഉറപ്പാക്കിയില്ലെങ്കിൽ രോഗവ്യാപനം കൂടുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ജാഗ്രത പരമ പ്രധാനം
ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങൾ എന്നിവ വലിച്ചെറിയാതെ സുരക്ഷിതമായി സംസ്‌ക്കരിക്കുക
റെഫ്രിജറേറ്ററിന്റെ പുറകിലെ ട്രേ, വളർത്തു മൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം എന്നിവയിലെ വെളളം ആഴ്ചയിൽ ഒരിക്കൽ മാറ്റുക
വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, സിമന്റ് തൊട്ടികൾ തുടങ്ങിയവ ആഴ്ചയിൽ ഒരിക്കൽ ഉരച്ചുകഴുകി വെള്ളം ശേഖരിക്കുക
കൊതുകു കടക്കാത്ത വിധം വലയോ, തുണിയോ കൊണ്ട് ഇവ പൂർണമായി മൂടുക
കരിക്കിൻതൊണ്ട്, മച്ചിങ്ങ, ചിരട്ടകൾ, കമുകിൻ പാള, മരപ്പൊത്തുകൾ, ടയറുകൾ തുടങ്ങിയവയിൽ വെള്ളം കെട്ടിനിൽക്കരുത്
ടെറസിലേയും സൺഷേഡിലെയും വെള്ളം ഒഴുക്കിക്കളയുക.
പാഴ്ചെടികളും ചപ്പുചവറുകളും യഥാസമയം നീക്കം ചെയ്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അങ്കോലചെടിയുടെ ( വേലിചെടിയുടെ ) കൂമ്പ് വെട്ടി മാറ്റുക
പ്ലാസ്റ്റിക് വേലിയുടെ അടിഭാഗത്ത് വെള്ളം കെട്ടി നിൽക്കാൻ ഇടയാക്കരുത്
സെപ്റ്റിക്ക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രം കൊതുകുവല കൊണ്ട് മൂടിക്കെട്ടുക.
ഉപയോഗിക്കാത്ത കിണർ, കുളം, വെള്ളക്കെട്ട് എന്നിവിടങ്ങളിൽ ഗപ്പി മത്സ്യം വളർത്തുക
വാതിലുകൾ, ജനാലകൾ എയർഹോളുകൾ എന്നിവിടങ്ങളിൽ വല പിടിപ്പിക്കുക
കൊതുകുവലയുടെ ശരിയായ ഉപയോഗം പ്രോത്സാഹിപ്പിക്കുക
.........................
പൊതുവായ ജാഗ്രത അത്യാവശ്യമാണ്. ആഴ്ചയിൽ ഒരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം (ഡ്രൈഡേ ആചരണം) നടത്തണം. പനി അനുഭവപ്പെട്ടാൽ സ്വയം ചികിത്സ പാടില്ല.
ജില്ല മെഡിക്കൽ ഓഫീസർ