മാവേലിക്കര: വിഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കാൻ എത്തിയ വൈദ്യുതി ബോർഡ് ജീവനക്കാരെ മർദിച്ചതായി പരാതി. തട്ടാരമ്പലം വൈദ്യുതി സെക്ഷനിലെ ലൈൻമാൻ തുമ്പോളി സ്വദേശി സുനിൽസ്‌കറിയ (48), വർക്കർ ചേർത്തല സ്വദേശി സജി (51) എന്നിവർക്കാണ് മർദനമേറ്റത്. വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ഇരുവരും എത്തി ഇന്നലെ രാവിലെ 11.30 ഓടെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. വീട്ടുടമ ചെട്ടികുളങ്ങര കൊച്ചാൽത്തറയ്ക്ക് സമീപം ചെട്ടിശേരിൽ കിഴക്കേതിൽ ജയൻ ഉച്ചയ്ക്ക് 12.30 ഓടെ പണമടച്ചു. തുടർന്ന് ഒരു മണിയോടെ വൈദ്യുതി പുന:സ്ഥാപിക്കുന്നതിനായി എത്തിയ ഇരുവരുടെയും വാഹനം വഴിയിൽ തടഞ്ഞു നിർത്തി ജയൻ മർദിക്കുകയായിരുന്നെന്ന് ഇരുവരും പറഞ്ഞു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കായംകുളം പൊലീസിൽ പരാതി നൽകി. മർദനത്തിൽ പ്രതിഷേധിച്ച് ഇന്ന് ജീവനക്കാർ ജാഥ നടത്തും.