a
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ് അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു

മാവേലിക്കര: പരമ ദരിദ്രർ ഇല്ലാത്ത കേരളമാണ് എൽ.ഡി.എഫ് കാണുന്ന നാളത്തെ കേരളമെന്ന് മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ പറഞ്ഞു. വികസന രാജ്യങ്ങളോടു പോലും കിടപിടിക്കുന്ന നവ കേരളമായി​രി​ക്കുമത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ് അരുൺകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് ഇറക്കിയ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിച്ച ശേഷമാണ് ഈ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. യു.ഡി.എഫ് സർക്കാർ 18 മാസത്തെ കുടിശിക ഇട്ടിരുന്ന ക്ഷേമ പെൻഷൻ മുഴുവനായി കൊടുത്തു തീർത്ത ശേഷം ഘട്ടംഘട്ടമായി തുക 1600 രൂപയായി വർദ്ധിപ്പിച്ചു. ഇതാണ് ഇപ്പോൾ 2500 രൂപയാക്കുമെന്ന് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്നത്.

പ്രകടന പത്രികയിൽ ഊന്നൽ നൽകുന്നത് തൊഴിൽ രഹിതർക്ക് തൊഴിലാണ്. ഇതിനായി കുടുംബങ്ങളെ സ്വയംതൊഴിൽ കണ്ടെത്തി വരുമാനം ഉണ്ടാക്കാൻ പ്രാപ്തരാക്കും. സർക്കാർ നൽകിയ പ്രോത്സാഹനമാണ് കാർഷിക മേഖലയിൽ ഇന്ന് കാണുന്ന ഉണർവിന് കാരണം. പാൽ, മുട്ട, പച്ചക്കറി തുടങ്ങിയവയിൽ ഇന്ന് നമ്മൾ സ്വയം പര്യാപ്തരാണ്.തദ്ദേശ സ്ഥാപനങ്ങൾ വഴി ഓരോ ആയിരം പേരിൽ അഞ്ച് പേർക്ക് എന്ന കണക്കിൽ ജോലി നൽകുന്നതിനുള്ള ശ്രമം ഏപ്രിൽ ആദ്യത്തോടെ തുടങ്ങും. 2016ൽ അഴിമതിയുടെ കേന്ദ്രമായിരുന്ന കേരളം ഇന്ന് ഇന്ത്യയിൽ അഴിമതി ഇല്ലാത്ത സംസ്ഥാനമായി മാറിയിരിക്കുന്നു. ഇത് കാരണം വലിയ കമ്പനികൾക്ക് കേരളത്തിലേക്കെത്താൻ താത്പര്യം കൂടിയിട്ടുണ്ട്. അത് വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ വന്നു ചേരും. കേരളത്തിൽ ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ നിർമ്മിച്ച് നൽകുമെന്നും പിണറായി പറഞ്ഞു.

എൽ.ഡി.എഫ് തി​രഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.ചന്ദ്രനുണ്ണിത്താൻ അദ്ധ്യക്ഷനായി. ജേക്കബ് ഉമ്മൻ, അഡ്വ.സി.എസ് സുജാത, അഡ്വ.ജി.ഹരിശങ്കർ, ആർ.രാജേഷ് എം.എൽ.എ, ബി.ബിനു, കെ.മധുസൂദനൻ, മുരളി തഴക്കര, ലീല അഭിലാഷ്, ജി.രാജമ്മ, ശ്രീകുമാർ, ജി.സോഹൻ, എൻ.സുബൈർ, അഡ്വ.ജെ.അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.