sndp

ചേർത്തല: ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ജനുവരി അഞ്ചിനു പുറപ്പെടുവിച്ച വിധിയിലെ പരാമർശങ്ങൾ യോഗത്തെയോ ജനറൽ സെക്രട്ടറിയടക്കമുള്ള ഭാരവാഹികളെയോ ബാധിക്കുന്നതല്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കി.

വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് യോഗം ഭാരവാഹികളെ അയോഗ്യരാക്കണമെന്നായിരുന്നു ഹർജിക്കാരനായ പ്രൊഫ. എം.കെ. സാനുവിന്റെ ആവശ്യം. പരാതി മൂന്നു മാസത്തിനകം പരിഗണിച്ചു തീർപ്പാക്കാനാണ് ജനുവരി അഞ്ചിലെ വിധിയിൽ രജിസ്‌ട്രേഷൻ ഐ.ജിക്ക് സിംഗിൾബെഞ്ച് നിർദ്ദേശം നൽകിയത്. ഈ വിധിയിൽ യോഗത്തിന്റെ വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽ വീഴ്ച വന്നെന്ന തരത്തിൽ പരാമർശമുണ്ടായിരുന്നു. 2013-14, 2014-15, 2015-16 വർഷങ്ങളിലെ റിട്ടേണുകൾ സമർപ്പിക്കാൻ മതിയായ നടപടികൾ സ്വീകരിച്ചതായി കാണുന്നില്ലെന്നായിരുന്നു പരാമർശം. കമ്പനി നിയമപ്രകാരം ഇത്തരത്തിൽ വീഴ്ച വരുത്തിയാൽ ഡയറക്ടർമാർക്ക് അഞ്ചു വർഷത്തേക്ക് പുനർ നിയമനത്തിനുള്ള അർഹത നഷ്ടമാവുമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

എന്നാൽ ,ഡയറക്ടർമാർക്ക് പുനർനിയമനത്തിനുള്ള അർഹത നഷ്ടമാകുമെന്ന കമ്പനി നിയമത്തിലെ നിശ്ചിത വകുപ്പ് 2014 ഏപ്രിൽ ഒന്നിലാണ് നിലവിൽ വന്നതെന്നും, ഹൈക്കോടതിയുടെ നിരീക്ഷണം ശരിയല്ലെന്നും ചൂണ്ടിക്കാട്ടി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവർ പുന:പരിശോധനാ ഹർജി നൽകി. ഈ ഹർജിയിലാണ് നേരത്തെയുള്ള വിധിയിലെ പരാമർശങ്ങൾ യോഗത്തെയോ ഹർജിക്കാരായ ഭാരവാഹികളെയോ ഒരുതരത്തിലും ബാധിക്കില്ലെന്ന് ജസ്​റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കിയത്.

അയോഗ്യതയുടെ കാര്യത്തിൽ അന്തിമ തീരുമാനം കോടതി എടുത്തിട്ടില്ലെന്നും പരാതി പരിഗണിക്കുന്ന രജിസ്‌ട്രേഷൻ ഐ.ജി വിധിയിലെ പരാമർശങ്ങൾ കണക്കിലെടുക്കാതെ തീരുമാനമെടുക്കണമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിക്കുന്നതിൽ ഒരുതരത്തിലുള്ള വീഴ്ചയുമുണ്ടായിട്ടില്ലെന്ന് യോഗത്തിനും ജനറൽ സെക്രട്ടറിയടക്കമുള്ള കക്ഷികൾക്കും വേണ്ടി ഹാജരായ അഡ്വ. എ.എൻ. രാജൻ ബാബു വാദിച്ചു. 2005 വരെ കമ്പനി രജിസ്ട്രാർക്കാണ് റിട്ടേണുകൾ നൽകിയിരുന്നത്. രജിസ്‌ട്രേഷൻ ഐ.ജിക്കാണ് ഇതു നൽകേണ്ടതെന്ന് 2005ൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെങ്കിലും ഡൽഹി ഹൈക്കോടതി 2009 ൽ റദ്ദാക്കി. പിന്നീട് 2015 ലാണ് ചെന്നൈയിലെ കമ്പനി ലാ ബോർഡിന്റെ ഉത്തരവു പ്രകാരം റിട്ടേണുകൾ രജിസ്‌ട്രേഷൻ ഐ.ജിക്ക് സമർപ്പിക്കാമെന്ന സ്ഥിതി വന്നത്. 2006 മുതൽ എല്ലാ വർഷവും യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിരുന്നു. തുടർന്നാണ് നേരത്തെയുള്ള വിധിയിലെ പരാമർശങ്ങൾ യോഗത്തിനും ഭാരവാഹികൾക്കും ബാധകമല്ലെന്ന് സിംഗിൾബെഞ്ച് വ്യക്തമാക്കിയത്.