കനാൽക്കരകളിൽ നഗരസഭയുടെ നേതൃത്വത്തിൽ പൂക്കൃഷി തുടങ്ങുന്നു
ആലപ്പുഴ: അടുത്ത ഓണത്തിന് ആലപ്പുഴ നഗരസഭയിലെ ജീവനക്കാർ അവരുടെ 'സ്വന്തം' പൂക്കളുമായി വന്ന് നഗരസഭാങ്കണത്തിൽ പൂക്കളമിടും! ആവശ്യക്കാർക്ക് ന്യായമായ വിധത്തിൽ പൂക്കൾ നൽകുകയും ചെയ്യും. കനാൽ നവീകരണത്തിന്റെ ഭാഗമായി വൃത്തിയാക്കുന്ന കനാൽക്കരയിൽ കുടുംബശ്രീ വനിതകളെ ചുമതലപ്പെടുത്തി പൂക്കൃഷിക്കുള്ള തയ്യാറെടുപ്പിലാണ് നഗരസഭ നേതൃത്വം.
കനാൽ ശുചീകരിച്ച് വശങ്ങൾ കല്ലുകെട്ടി വൃത്തിയാക്കുന്നത് പൂർത്തിയാവാൻ ആറു മാസത്തോളം വേണ്ടിവരും. നിലവിൽ കനാൽക്കരയിലെ പല ഭാഗങ്ങളും വൃത്തിയാക്കിയിട്ടുണ്ട്. കല്ലുകെട്ടുന്നത് പൂർത്തിയാവുമ്പോഴേക്കും ഈ ഭാഗത്ത് വീണ്ടും കാടും പടലും നിറയും. ഇതോടെ മാലിന്യം വലിച്ചെറിയുന്ന പ്രവണതയും കൂടും. ഇതിനു തടയിടാനാണ് പൂക്കൃഷി എന്ന ആശയം നഗരസഭ മുന്നോട്ടുവച്ചത്. പൂക്കൾ നിറഞ്ഞു നിൽക്കുന്നതു കാണുമ്പോഴെങ്കിലും മാലിന്യം തള്ളാനെത്തുന്നവരുടെ മനസുമാറുമെന്നാണ് പ്രതീക്ഷ. ബെന്തി,വാടാമുല്ല എന്നിവ കൃഷി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കൃഷി ചെയ്യേണ്ട ഭാഗങ്ങൾ ബ്ളോക്കായി തിരിച്ച് കുടുംബശ്രീക്കാരെ ഏല്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
മുസരിസ് പൈതൃക പദ്ധതയിൽ കനാൽ മാനേജ്മെന്റിന്റെ മേൽനോട്ടത്തിലാണ് കനാൽ നവീകരണം പുരോഗമിക്കുന്നത്. കനാൽക്കരയിലെ കാടും പടലും എത്രകണ്ട് വെട്ടിമാറ്റിയാലും ഒരുമാസത്തിനുള്ളിൽ വീണ്ടും നിറയും.
ആർക്കും പങ്കെടുക്കാം
പൂക്കൃഷിക്ക് ആവശ്യമായ വളം എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകളിൽ നിന്ന് നഗരസഭ ലഭ്യമാക്കും. ആദ്യറൗണ്ടിൽ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പൂക്കൃഷി പദ്ധതിയിൽ ആർക്കും പങ്കാളികളാകാം.
................................
നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. കനാൽക്കരയിൽ ഉദ്യാനം ഒരുക്കുന്നതോടെ മാലിന്യം വലിച്ചെറിയുന്ന ശീലത്തിന് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓണം സീസൺ ലക്ഷ്യമാക്കിയാണ് പൂക്കൃഷി ചെയ്യുന്നത്. നഗരസഭയിലെ 52 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്
(സൗമ്യരാജ്, നഗരസഭ ചെയർപേഴ്സൺ)