s

ആലപ്പുഴ: തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥ‌രുടെയും, ഇലക്ഷൻ പ്രക്രിയയുടെ ഭാഗമാകുന്ന കൊവിഡ് രോഗികളുടെയും മാസ്ക്, ഗ്ലൗസ്, പി.പി.ഇ കിറ്റ് തുടങ്ങിയവ ശേഖരിക്കാൻ തയ്യാറായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇമേജ് (ഐ.എം.എ ഗോ ഗ്രീൻ) എന്ന മാലിന്യ സംസ്കരണ കേന്ദ്രം.

മെഡിക്കൽ സൊസൈറ്റിയുടെ അഭ്യർത്ഥന ലഭിച്ച പ്രകാരം, 140 മണ്ഡലങ്ങളിലും സേവനം എങ്ങനെ സജ്ജമാക്കാൻ സാധിക്കും എന്ന ആലോചനയിലാണ് ഇമേജിന്റെ അണിയറപ്രവർത്തകർ. നിലവിൽ മാലിന്യ ശേഖരണത്തിനായി ഇമേജുമായി ധാരണയിലുള്ള ആശുപത്രികളടക്കമുള്ള കേന്ദ്രങ്ങളിൽ പോളിംഗ് ദിവസത്തെ മാലിന്യങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ച് എത്തിക്കണം. ഇതിനു വേണ്ടി അതത് ജില്ലാ മെഡിക്കൽ ഓഫീസർമാർ ബാർകോഡോടുകൂടിയ പ്രത്യേക ബാഗുകൾ സജ്ജമാക്കും. 140 മണ്ഡലങ്ങളിലെ 25,041 പോളിംഗ് ബൂത്തുകളിൽ നിന്നായി ആറു ടൺ മാലിന്യം ശേഖരിക്കാനുണ്ടാവും. ഇമേജിന്റെ പാലക്കാട് കഞ്ചിക്കോടുള്ള കേന്ദ്രത്തിലാണ് മാലിന്യം സംസ്ക്കരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മാലിന്യങ്ങളും, എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ അദ്ധ്യാപകർ ഉപയോഗിച്ച ബയോമെഡിക്കൽ മാലിന്യങ്ങളും ഇമേജാണ് ശേഖരിച്ച് സംസ്ക്കരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ശേഖരിച്ച മാലിന്യങ്ങളുടെ പണം കഴിഞ്ഞ ദിവസമാണ് സർക്കാരിൽ നിന്ന് പാസായി ലഭിച്ചത്. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് മാലിന്യം ശേഖരിക്കുക.

മാതൃകാ പ്രവർത്തനം

സംസ്ഥാനത്തു നിന്ന് പ്രതിദിനം അഞ്ച് ടൺ കൊവിഡ് മാലിന്യമാണ് നിലവിൽ ഇമേജ് ശേഖരിച്ച് സംസ്കരിക്കുന്നത്. 2003 മുതൽ ബയോ മെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്ന സ്ഥാപനം കഴിഞ്ഞ വർഷം മാർച്ച് 19 മുതലാണ് എല്ലാ ജില്ലകളിൽ നിന്നും കൊവിഡ് മാലിന്യം ശേഖരിക്കാൻ ആരംഭിച്ചത്. സംസ്ഥാനത്തെ വിവിധ ആശുപത്രികൾ, ലാബുകൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാലിന്യങ്ങൾ ഇനം തിരിച്ച് നിക്ഷേപിക്കുന്നതിനായി മഞ്ഞ, ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇമേജിന്റെ ആധുനിക സംവിധാനങ്ങളുള്ള 52 വാഹനങ്ങൾ ദിവസവുമെത്തി മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ടുപോകും. ബാർകോഡോടെ ശേഖരിക്കുന്ന മാലിന്യങ്ങൾ പ്ലാന്റിൽ പരിശോധനയ്ക്ക് വിധേയമാക്കും. ഏതെങ്കിലും സ്ഥാപനത്തിന് അപാകതയുണ്ടായാൽ അത് കണ്ടെത്താൻ ബാർകോഡ് പരിശോധന സഹായകമാകും.

പോളിംഗ് ദിന പ്രവർത്തനം

മാലിന്യം തരംതിരിക്കാൻ നിയമസഭാ ഇലക്ഷൻ എന്ന സ്റ്റിക്കർ പതിച്ച പ്രത്യേക ബാഗ് നൽകും

 ഡി.എം.ഒമാരുടെ നേതൃത്വത്തിലാണ് മാലിന്യ ശേഖരണത്തിനുള്ള നടപടികൾ ഒരുക്കേണ്ടത്

 ഇമേജുമായി സഹകരിക്കുന്ന ആശുപത്രികളിലും, സി.എഫ്.എൽ.ടി.സികളിലും മാലിന്യം എത്തിക്കണം

തിരഞ്ഞെടുപ്പ് ദിനത്തിലെ മാലിന്യ സംസ്ക്കരണത്തിന് സഹകരിക്കുന്നതിന് സർക്കാരിൽ നിന്ന് കത്ത് ലഭിച്ചിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും സേവനം എത്തരത്തിൽ സജ്ജമാക്കണമെന്ന ആലോചന പുരോഗമിക്കുകയാണ്

- ഡോ കെ.പി.ഷെറഫുദീൻ, ഇമേജ് സെക്രട്ടറി