 സ്റ്റേഡിയം വാർഡിലെ പുതിയ പൊട്ടൽ എവിടെയെന്നറിയില്ല

ആലപ്പുഴ: വാട്ടർ അതോറിട്ടിയുടെ കുടിവെള്ള വിതരണ പൈപ്പ് ലൈനിൽ പൊട്ടലുണ്ടായി മലിന ജലം അടുക്കളയിലെത്തുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും നടപടിയില്ല. കാനകളിൽക്കൂടി കടന്നു പോകുന്ന പൈപ്പുകളിൽ പൊട്ടലുണ്ടായി കയറുന്ന രോഗാണുവാഹിയായ, ദുർഗന്ധം വമിക്കുന്ന ജലം പകർച്ചവ്യാധി ഭീഷണിയും സൃഷ്ടിക്കുന്നു.

കഴിഞ്ഞ ദിവസം സ്റ്റേഡിയം വാർഡിലെ പൈപ്പ് ലൈനിൽ മലിനം ജലം കയറിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കാനയിലൂടെ പോകുന്ന രണ്ട് ഭാഗത്തെ പൈപ്പ് ലൈനിൽ പൊട്ടൽ കണ്ടെത്തി. ശേഷിച്ച പൊട്ടൽ കണ്ടെത്താൻ ബ്ളീച്ചിംഗ് പൗഡർ ലായനി കലർത്തിയ വെള്ളം ഇന്നും നാളെയുമായി കുഴലിലൂടെ കടത്തിവിടും. ബ്ളീച്ചിംഗ് പൗഡർ ലായനി അമിതമായാൽ ഗുരതരമായ ആരോഗ്യ പ്രശ്നവും ഉണ്ടാകും. ഒരു ലിറ്റർ വെള്ളത്തിൽ ബ്ളീച്ചിംഗ് പൗഡർ അര മില്ലിലിറ്ററിൽ കൂടുതലായാൽ ഉദര രോഗങ്ങൾക്ക് കാരണമാവും. പ്രധാന വിതരണ കുഴലിൽ നിന്ന് കുടിവെള്ളം വീടുകളിലും പൊതുടാപ്പുകളിലും എത്തുമ്പോഴേക്കും നിറവും രുചിയും മാറിയിരിക്കും. കുടിക്കാനും പാചകത്തിനും മറ്റാവശ്യങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കേണ്ടി വരുന്നവർ വല്ലാത്ത ആശങ്കയിലാണ്.

നാലുവർഷം മുമ്പ് ജനറൽ ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് ആശുപത്രിയിലേക്കുള്ള കുടിവെള്ള പൈപ്പ് ദ്രവിച്ച് കാനയിൽ നിന്ന് മലിന ജലം കയറിയ സംഭവമുണ്ടായി. ഇത് കണ്ടെത്താൻ നാല് മാസമെടുത്തു. 2018 അവസാനം കളർകോട് ഭാഗത്തെ ഒരു ഹോട്ടലിന് സമീപത്തെ പ്രധാന പൈപ്പ് ലൈൻ പൊട്ടി മലിനജലം കയറിയതിനെ തുടർന്ന് ഗുരുമന്ദിരം, ബീച്ച്, ഇരവുകാട് വാർഡുകളിൽ കുടിവെള്ള വിതരണം പൂർണ്ണമായും മുടങ്ങി. പൊട്ടൽ കണ്ടു പിടിക്കാൻ രണ്ട് മാസത്തിലധികം വേണ്ടിവന്നു.

 കണ്ടെത്തൽ വൈകും

ജനറൽ ആശുപത്രി മുതൽ ബീച്ച് വരെയുള്ള റോഡിന്റെ മദ്ധ്യഭാഗത്ത് കൂടിയാണ് 300 എം.എം വ്യാസമുള്ള പ്രധാന ജലവാഹിനി കുഴൽ കടന്നുപോകുന്നത്. ഈ റോഡ് ആധുനിക രീതിയിൽ പുനർനിർമ്മിക്കുന്നതിനാൽ പൈപ്പിൽ പൊട്ടലുണ്ടായാൽ സ്റ്റേഡിയം, സിവിൽ സ്റ്റേഷൻ, ആലിശ്ശേരി, വലിയമരം എന്നീ വാർഡുകളിൽ ജലവിതരണം പൂർണ്ണമായും നിലയ്ക്കും. ഇപ്പോഴത്തെ പൊട്ടൽ ഈ റോഡിലാണോ എന്ന് കണ്ടുപിടിക്കാൻ കാലതാമസം ഉണ്ടാകുമെന്ന് ജല അതോറിട്ടി ഉദ്യോഗസ്ഥർ പറഞ്ഞു.

...................................

സ്റ്റേഡിയം വാർഡിൽ പൈപ്പ് ലൈനിലൂടെ ലഭിക്കുന്ന വെള്ളത്തിൽ മാലിന്യം കലർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ലൈനുകളിലൂടെ ബ്ളീച്ചിംഗ് പൗഡർ ലായനി കടത്തിവിടുന്നതിനാൽ വാർഡിലെ പൊതുടാപ്പുകളിൽ നിന്നും ഹൗസ് കണക്ഷനുകളിൽ നിന്നും ഇന്ന് രാവിലെ എട്ട് മുതൽ നാളെ രാവിലെ ആറു വരെ വെള്ളം ഉപയോഗിക്കരുത്

അസി.എൻജിനീയർ, വാട്ടർ അതോറിട്ടി, ആലപ്പുഴ