
പാട്ടും പാടി ജന്മനാടിന്റെ പ്രതിനിധിയാവാൻ പിന്നണി ഗായിക ദലീമ ജോജോയും ആറ്റുനോറ്റിരുന്ന് കൈപ്പിടിയിലാക്കിയ മണ്ഡലം കൈവിട്ടുപോകാതിരിക്കാൻ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും നേർക്കുനേർ പോരാടുന്ന മണ്ഡലമാണ് അരൂർ.
ഇവർക്ക് വെല്ലുവിളിയായി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി ടി. അനിയപ്പനുമുണ്ട്. രണ്ട് വനിതകൾ പോരാടുന്നതിനാൽ മണ്ഡലം ഇതിനോടകം തന്നെ ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട അരൂരിനെക്കുറിച്ച് സ്ഥാനാർത്ഥികൾ പറയുന്നു.
വെള്ളക്കെട്ട് പരിഹരിക്കും
വെള്ളക്കെട്ടാണ് എന്റെ അരൂരിന്റെ പ്രധാന പോരായ്മ. ഇത് മനുഷ്യ സൃഷ്ടി അല്ലാത്തതിനാൽ പ്രശ്ന പരിഹാരത്തിന് വിദഗ്ദ്ധപഠനം ആവശ്യമാണ്. സ്ഥിരമായി ഉണ്ടാകുന്ന വേലിയേറ്റം മൂലമുള്ള വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണും. പീലിംഗ് തൊഴിലാളികൾ, കയർ, മത്സ്യ, സ്പിന്നിംഗ് മിൽ തൊഴിലാളികൾ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. എന്റെ ജന്മനാട് എന്ന വികാരത്തോടെ പ്രവർത്തിക്കാനാവുന്നത് ഏറെ ആത്മവിശ്വാസം നൽകുന്നു - ദലീമ ജോജോ
..................
കുടിവെള്ളം മുട്ടിക്കില്ല
പത്ത് പഞ്ചായത്തുകൾ അനുഭവിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണും. തീരദേശജനതയുടെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണും. സ്ത്രീ തൊഴിലാളികളുടെ ഉൾപ്പെടെ അടിസ്ഥാന ജീവിത സാഹചര്യം മെച്ചപ്പെടുത്തും. മണ്ഡലത്തിലെ പാലങ്ങളുടെ നിർമാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കും.
-അഡ്വ. ഷാനിമോൾ ഉസ്മാൻ
പീലിംഗ് തൊഴിലാളികൾക്ക് മുൻഗണന
പീലിംഗ് മേഖലയിലെ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. അരൂർ കേന്ദ്രീകരിച്ച് പീലിംഗ് തൊഴിലാളികൾക്ക് മുൻഗണന നൽകി ഇ.എസ്.ഐ ആശുപത്രി ആരംഭിക്കും. മണ്ഡലം കേന്ദ്രീകരിച്ച് ലേബർ ബാങ്കും, ഒരു വീട്ടിൽ ഒരു വ്യവസായം എന്ന കുടിൽവ്യവസായ പദ്ധതിയും ആരംഭിക്കും.
-ടി. അനിയപ്പൻ , ബി.ഡി.ജെ.എസ്
അരൂരിന്റെ മനസ് ആർക്കൊപ്പം സമുദ്രോത്പന്ന കയറ്റുമതിയുടെയും ചെറുകിട വ്യവസായങ്ങളുടെയും കേന്ദ്രമാണ് അരൂർ. ഇടതുകോട്ട എന്നറിയപ്പെടുന്ന മണ്ഡലം പലപ്പോഴും യു.ഡി.എഫ് പിടിച്ചെടുത്തിട്ടുണ്ട്. ഈഴവ വോട്ടുകളാണ് കൂടുതലെങ്കിലും മുസ്ലിം, ലത്തീൻ കത്തോലിക്കാ വോട്ടുകളും നിർണായകമാണ്. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ തവണ വിജയക്കൊടി പാറിച്ചത് എൽ.ഡി.എഫാണ്.