
ആലപ്പുഴ: കുടുംബയോഗങ്ങൾ, കൺവെൻഷനുകൾ, സ്വീകരണങ്ങൾ, ഭവന സന്ദർശനം തുടങ്ങി വിവിധ പരിപാടികളുമായി ഒരു നിമിഷം പോലും പാഴാക്കാതെ ഓട്ടത്തിലാണ് അമ്പലപ്പുഴയിലെ സ്ഥാനാർത്ഥികളും നേതാക്കളും അണികളും. പ്രവചനങ്ങളെ ഗൗനിക്കാതെയാണ് പോരാട്ടം പൊടിപൊടിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം നേരത്തെ നടത്തിയതിനാൽ ആദ്യമേതന്നെ കളത്തിലിറങ്ങാൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്..സലാമിന് സാധിച്ചു. പ്രഖ്യാപനം താരതമ്യേന വൈകിയെങ്കിലും യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർത്ഥികളായ അഡ്വ. എം.ലിജുവും, അനൂപ് ആന്റണിയും ടോപ്പ് ഗിയറിലാണ് യാത്ര തുടരുന്നത്. പുലർച്ചെ മുതൽ രാത്രി ഏറെ വൈകിയും ഭവന സന്ദർശനങ്ങളുൾപ്പെടെ നടത്തി പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് സ്ഥാനാർത്ഥികൾ.
പുന്നപ്ര, വളഞ്ഞവഴി, അമ്പലപ്പുഴ മേഖലകൾ കേന്ദ്രീകരിച്ചായിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി എം.ലിജുവിന്റെ ഇന്നലത്തെ പര്യടനം. രാവിലെതന്നെ വളഞ്ഞവഴിയിലെ പീലിംഗ് ഷെഡ് തൊഴിലാളികളെ നേരിൽ കണ്ട് സംസാരിച്ചു. യു.ഡി.എഫിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ന്യായ് പദ്ധതിയെക്കുറിച്ച് തൊഴിലാളി സ്ത്രീകളെ പറഞ്ഞ് മനസിലാക്കി. തുടർന്ന് ബൂത്ത് ഓഫീസ് ഉദ്ഘാടനം. നിരവധി സ്വീകരണങ്ങളും ഏറ്റുവാങ്ങി. മണ്ഡലത്തിലെ കുടുംബയോഗത്തിൽ പങ്കെടുക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ എത്തിയിരുന്നു.
പുന്നപ്ര മേഖല കേന്ദ്രീകരിച്ചായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാമിന്റെ ഇന്നലത്തെ പ്രവർത്തനം. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഉൾപ്രദേശങ്ങളിലുൾപ്പെടെ പ്രചാരണം. സി.വൈ.എം.എ കേന്ദ്രത്തിൽ സ്വീകരണ സമ്മേളനത്തിനെത്തിയ സ്ഥാനാർത്ഥിക്ക് പുന്നപ്ര പുത്തൻപുരയ്ക്കൽ ജോയി തെർമോക്കോളിൽ പേരും ചിഹ്നവും കൊത്തിയെടുത്ത രൂപം സമ്മാനിച്ചത് കൗതുകമായി. അമ്പലപ്പുഴയിൽ കെ.കെ.ശൈലജ പങ്കെടുത്ത വനിതാ പാർലമെന്റിലും സ്ഥാനാർത്ഥി ഓടിയെത്തി.
പുന്നപ്ര, തോട്ടപ്പള്ളി ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെയും പ്രചാരണം. തോട്ടപ്പള്ളി ഹാർബറിലെത്തിയ സ്ഥാനാർത്ഥി മത്സ്യത്തൊഴിലാളി പ്രതിനിധികളായ രാധാകൃഷ്ണൻ, രാജേഷ് രഞ്ജിത്ത്, സാബു,എന്നിവരോട് പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. താൻ വിജയിച്ചാൽ ഉപയോഗശൂന്യമായ തോട്ടപ്പള്ളി ഹാർബർ പൊളിച്ചുമാറ്റി വിശാലമായ ഒരു പദ്ധതി കൊണ്ടുവന്ന് മികച്ച ഹാർബർ തന്നെ നിർമ്മിക്കുമെന്ന് അനൂപിന്റെ വാഗ്ദാനം.