
അമ്പലപ്പുഴ: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും നടപ്പാക്കിയ സർക്കാരാണ് ഇടതു സർക്കാരെന്നും കഴിഞ്ഞ 5 വർഷത്തെ ഭരണം കേരളത്തിന്റെ സുവർണ കാലഘട്ടമായിരുന്നെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ വനിതാ പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചൈനയിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ കേരളത്തിൽ ജാഗ്രത തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാരും, തദ്ദേശ സ്ഥാപനങ്ങളും കൈകോർത്ത് ഉണർന്നു പ്രവർത്തിച്ചതിനാലാണ് കൊവിഡിനെ കേരളത്തിനു പ്രതിരോധിക്കാനായത്. ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ ഒരു കൊവിഡ് രോഗി പോലും കേരളത്തിൽ മരിച്ചില്ല. അതുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ സ്നേഹപൂർവ്വം മുഖ്യമന്ത്രിയെ ക്യാപ്ടൻ എന്നു വിളിക്കുന്നത്. പാർപ്പിടമില്ലാത്ത നിർദ്ധനരായ ആളുകൾക്ക് ആശ്വാസകരമായ ലൈഫ് പദ്ധതി പൂട്ടാനാണ് യു.ഡി.എഫ് ശ്രമിച്ചത്. 600 രൂപ ക്ഷേമ പെൻഷൻപോലും കൃത്യമായി നൽകാൻ കഴിയാതിരുന്ന യു.ഡി.എഫ് പറയുന്നത് 3000 രൂപ പെൻഷൻ നൽകുമെന്നാണ്. പൊതു മരാമത്ത് വകുപ്പ് അഴിമതി ഇല്ലാതെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കാണിച്ചു കൊടുത്ത മന്ത്രിയാണ് ജി.സുധാകരനെന്നും ശൈലജ പറഞ്ഞു.
വമ്പിച്ച വരവേൽപ്പാണ് കെ.കെ.ശൈലജയ്ക്ക് വനിതകൾ നൽകിയത്. 'കണ്ണേ, പൊന്നേ, ടീച്ചറമ്മേ...' എന്നിങ്ങനെ മുദ്രാവാക്യങ്ങളുമുയർന്നു. സിന്ധു അജി (മഹിളാസംഘം) അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രാജേശ്വരി, സൗമ്യ രാജ്, ഷീബാ രാഗേഷ്, ഇന്ദിരാഭായി, രതി, സജിത സതീശൻ, കവിത, ഗീത ബാബു, പി.അഞ്ജു, എം. ഷീജ, വി.എസ്.മായാദേവി, ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.