s

ചേർത്തല: വികസന തുടർച്ചയ്ക്ക് എൽ.ഡി.എഫ് തുടർഭരണവും പി.പ്രസാദിന്റെ വിജയവും അനിവാര്യമെന്നും ചേർത്തലയുടെ ചരിത്രത്തിൽ ഇതേവരെയില്ലാത്ത വികസനമാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയതെന്നും മന്ത്റി പി.തിലോത്തമൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചേർത്തല നഗരത്തിലെ മാത്രമല്ല ഗ്രാമീണ മേഖലയിലെയും റോഡുകൾ ഉന്നത നിലവാരത്തിലാക്കി. കോടിക്കണക്കിന് രൂപയാണ് ഇതിനായി സർക്കാർ ചെലവാക്കിയത്.

അർത്തുങ്കൽ മത്സ്യബന്ധന തുറമുഖ നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. നെടുമ്പ്രക്കാട്‌ വിളക്കുമരം പാലം കിഫ്ബിയിൽപ്പെടുത്തി ശരവേഗത്തിലാണ് നിർമ്മിക്കുന്നത്. നഗരത്തിലെ ഇരുമ്പുപാലവും സെന്റ് മേരീസ് പാലവും പുനർനിർമ്മിക്കാൻ പണം അനുവദിച്ചു. നാഗംകുളങ്ങര-പള്ളിപ്പുറം ഇൻഫോർപാർക്ക് പാലവും അനുബന്ധ റോഡുകളും പാലവും നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

ചേർത്തല സർക്കാർ പോളിടെക്‌നിക് കോളേജിൽ പുതിയ കോഴ്‌സുകൾ അനുവദിക്കുകയും അടിസ്ഥാന സൗകര്യം വിപുലമാക്കാൻ കെട്ടിടങ്ങൾ നിർമ്മിക്കുകയുംചെയ്തു. വടക്കേ അങ്ങാടി കവല വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. സ്‌കൂളുകൾ ഉന്നത നിലവാരത്തിലാക്കാൻ കോടികളുടെ കെട്ടിടങ്ങൾ നിർമ്മിച്ചു. എല്ലാ സ്‌കൂളുകൾക്കും ബസ് ലഭ്യമാക്കി. എ.എസ് കനാൽ വൃത്തിയാക്കി തീരങ്ങൾ സൗന്ദര്യവത്ക്കരിക്കാൻ പദ്ധതി നടപ്പാക്കി. എയ്ഡഡ് സ്‌കൂളുകളുടെ വികസന പദ്ധതിയും ചേർത്തലയിൽ തുടങ്ങി.

ഇനിയും വികസനവും ക്ഷേമവും എത്തിക്കാൻ എൽ.ഡി.എഫ് വിജയിക്കണമെന്നും തിലോത്തമൻ പറഞ്ഞു. സ്ഥാനാർത്ഥി പി. പ്രസാദ്, തെരഞ്ഞെടുപ്പ് കമ്മി​റ്റി പ്രസിഡന്റ് വി.ജി.മോഹനൻ, സെക്രട്ടറി എൻ.എസ്. ശിവപ്രസാദ്, ടി.ടി.ജിസ്‌മോൻ എന്നിവർ പങ്കെടുത്തു.