മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിൽ തട്ടിപ്പിന് ഇരയായ നിക്ഷേപകർ താലൂക്ക് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഉപരോധിച്ചു. നിക്ഷേപകരുടെ അനിശ്ചിത കാല സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ഉപരോധം. രാവിലെ 9ന് ആരംഭിച്ച ഉപരോധം 11 വരെ നീണ്ടു. പൊലീസ് എത്തി നിക്ഷേപകരെ ഉപരോധ സമരത്തിൽ നിന്നും പിൻമാറ്റുകയായിരുന്നു. സമരം നിക്ഷേപക കൂട്ടായ്മ കൺവീനർ ബി.ജയകുമാർ ഉദ്ഘാടനം ചെയ്തു. എം.വിനയൻ അദ്ധ്യക്ഷനായി. രവീന്ദ്രൻ.വി.ജി, ജി.സി.എസ്.ഉണ്ണിത്താൻ, പ്രഭാകരൻ നായർ, രമ, പ്രഭ, മധുബാല എന്നിവർ സംസാരിച്ചു.
ശക്തമായ സമരപരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് നിക്ഷേപകർ അറിയിച്ചു. നിലവിലെ ഭരണ സമിതിയുടെ നിരുത്തരവാദപരമായ നിലപാടാണ് നിക്ഷേപകരെ സമരത്തിലേക്ക് നയിച്ചതെന്ന് യോഗം ആരോപിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ഗോപന്റെ നിക്ഷേപകരോടുള്ള നിഷേധാത്മക പ്രതികരണത്തിൽ യോഗം പ്രതിഷേധിച്ചു. നിക്ഷേപക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് മാവേലിക്കര ബി.എസ്.എൻ.എൽ ഓഫീസ് പടിക്കൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം താലൂക്ക് സഹകരണബാങ്ക് ഹെഡ് ഓഫീസ് പടിക്കൽ സമാപിക്കും. തുടർന്ന് ഉപരോധ സമരം നടത്തുമെന്ന് കൺവീനർ ബി.ജയകുമാർ അറിയിച്ചു.