5

ആലപ്പുഴ: യു.ഡി.എഫിന്റെ ഷാനിമോൾ ഉസ്മാനും, എൽ.ഡി.എഫിന്റെ ദലീമ ജോജോയും നേർക്കുനേർ മത്സരിക്കുന്ന

അരൂർ മണ്ഡലത്തിൽ മറ്റൊരു വനിതാപോരാളി വോട്ട് തേടി നടക്കുന്നുണ്ട്. പ്രിയങ്ക അനൂപ്,​ചിഹ്നം ടെലിവിഷൻ. കേട്ടുപരിചയമില്ലാത്ത ഡെമോക്രാറ്റിക്ക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ പേരിലാണ് മത്സരിക്കുന്നതെങ്കിലും പ്രിയങ്ക അറിയപ്പെടുന്നൊരു സിനിമാ സീരിയൽ താരമാണ്. പ്രിയങ്ക വോട്ട് ചോദിച്ചെത്തുമ്പോൾ നാട്ടുകാരെല്ലാം അമ്പരപ്പോടെ പ്രിയതാരത്തെ നോക്കുകയാണ് ഇതേത് പാർട്ടിയെന്ന മട്ടിൽ.മത്സരിക്കാനുണ്ടായ സാഹചര്യം പ്രിയങ്ക തന്നെ പറയുന്നു.

രാഷ്ട്രീയത്തിലേക്ക്?

ഇതുവരെ സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നില്ല. പക്ഷേ വിഷമം അനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങാവണം എന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. അതിന് മികച്ച അവസരം ലഭിച്ചതിനാൽ രാഷ്ട്രീയത്തിലേക്ക് ചുവട് വച്ചു. ഞങ്ങൾ കുടുംബമായി താമസിക്കുന്ന കൊച്ചി വെണ്ണലയിലെ ഫ്ലാറ്റിന്റെ സെക്രട്ടറിയാണ് ഞാൻ. ആ സ്ഥാനത്ത് ഇരുന്നിട്ട് പോലും നമ്മുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും സാധിച്ച് കിട്ടാൻ ഏറെ പ്രയാസപ്പെടുന്നു. അപ്പോൾ സാധാരണക്കാർ എത്രത്തോളം ബുദ്ധിമുട്ടുന്നുണ്ടാവും. അവരിൽ ഒരാളായി അവർക്കുവേണ്ടി പ്രവർത്തിക്കാനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്.

എന്തുകൊണ്ട് ഈ പാർട്ടി

സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ മൊഴി നൽകിയ മല്ലേലി ശ്രീധരൻ നായരും മല്ലേലി ഭാസ്കരൻ പിള്ളയും ചേർന്ന് അടുത്തിടെ രൂപീകരിച്ച പാർട്ടിയാണ് ഡെമോക്രാറ്റിക്ക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജെ.പി). സംസ്ഥാനത്ത് 12 സീറ്റിലാണ് മത്സരിക്കുന്നത്. ദാരിദ്ര്യത്തിന് ജാതിയില്ലെന്നതാണ് പാർട്ടി മുദ്രാവാക്യം.പാർട്ടി പിന്തുടരുന്ന മന്നത്ത് പത്മനാഭന്റെ ആശയങ്ങളും ആകർഷിച്ചു.

അരൂരിലേക്ക് എത്തിയത്?

കൊച്ചിയുടെ ഉപഗ്രഹ നഗരമാണ് അരൂർ. കൊച്ചിക്കാരിയായ എനിക്ക് ഏറെ സുപരിചതമായ നാടാണ്. ഭർത്താവ് അനൂപ് കൃഷ്ണന്റെ സ്വദേശമായ ചേർത്തലയിൽ അഞ്ച് വർഷം സ്ഥിരതാമസം ആയിരുന്നപ്പോഴെ അരൂരുമായി നല്ല ബന്ധമാണ്.