
ആലപ്പുഴ: കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന രണ്ടാമത്തെ വോട്ടെടുപ്പിൽ അതീവ ജാഗ്രതയോടെ കാര്യങ്ങൾ നീക്കാനാണ് ജില്ലാ ഭരണകൂടം സജ്ജമാകുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് പരിശീലനവും ആരംഭിച്ചു. ബൂത്തുകളുടെ സ്ഥല വിസ്തൃതിയാണ് പ്രധാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ പല ബൂത്തുകളിലും സാമൂഹിക അകലം പാലിക്കാതെയായിരുന്നു വോട്ടെടുപ്പ് നടന്നത്. പല സ്ഥലങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. വേനൽക്കാലമായതിനാൽ ചൂട് പല സ്ഥലങ്ങളിലും വെല്ലുവിളി ഉയർത്തും. കുടിവെള്ളം എല്ലാ ബൂത്തുകളിലും ക്രമീകരിക്കണം. 80 വയസിന് മുകളിലുള്ളവർ പോസ്റ്റൽ വോട്ട് ചെയ്യുന്നതാണ് ഉത്തമം.
# വേണം മുന്നൊരുക്കം
വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യത്തിനു പുറമേ ഉദ്യോഗസ്ഥർക്ക് പി.പി.ഇ കിറ്റ് ധരിക്കാനും ഉപയോഗശേഷം അഴിച്ചു മാറ്റാനും ബൂത്തിൽ വെവ്വേറെ സ്ഥല സൗകര്യം ഒരുക്കണം
ശരീര താപനില കൂടുതലെന്നു കണ്ടെത്തുന്ന വോട്ടർമാരെ മാറ്റിയിരുത്താൻ സൗകര്യമൊരുക്കണം. വെയിലേറ്റു വരുന്ന ഒരാളുടെ ശരീര താപനില ചിലപ്പോൾ കൂടുതലായിരിക്കും. വിശ്രമത്തിന് ശേഷം ചൂട് സാധാരണ നിലയിലെങ്കിൽ ഉടൻ വോട്ടു ചെയ്തു മടങ്ങാം
വോട്ടെടുപ്പിന്റെ തലേന്നു തന്നെ ബൂത്ത് ബ്ലീച്ച് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം
രണ്ട് മണിക്കൂർ ഇടവിട്ട് വോട്ടെടുപ്പ് ഹാളിലെ മേശയും മറ്റും ബ്ലീച്ച് ലായനി സ്‌പ്രേ ചെയ്ത് അണുവിമുക്തമാക്കണം
പോളിംഗ് ബൂത്തിൽ കയറും മുമ്പും ഇറങ്ങിയ ശേഷവും കൈകൾ സാനിട്ടൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം
സാനിട്ടൈസർ അലർജി ഉള്ളവർക്ക് വേണ്ടി സോപ്പും വെള്ളവും സജ്ജമാക്കണം
ബൂത്തിലും പരിസരത്തും സാമൂഹിക അകലം നിർബന്ധം
ബൂത്തിലേക്ക് പോകുമ്പോൾ പേന കരുതണം