shaul

 ഇന്ന് ലോക നാടകദിനം

പൂച്ചാക്കൽ: കൊവിഡ് വീഴ്ത്തിയ തിരശീലയ്ക്കു പിന്നിലിരുന്ന് ലോകമെമ്പാടുമുള്ള നാടകപ്രേമികൾ ഇന്ന് നാടകദിനം ആഘോഷിക്കുമ്പോൾ, ഈ രംഗത്ത് ആലപ്പുഴയുടെ അഭിമാനമാണ് മുന്നൂറിലധികം നാടകങ്ങൾക്കു വേണ്ടി ആയിരത്തിലധികം ഗാനങ്ങളെഴുതിയ പൂച്ചാക്കൽ ഷാഹുൽ. കഥകളിലൂടെയെത്തി നാടകഗാന രചനയിൽ തന്റേതായ ഇടമുറപ്പിച്ച ഷാഹുലിനെ തേടി കേരള സംഗീത നാടക അക്കാഡമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.

സർക്കാർ സ്കൂളിൽ ഭാഷാദ്ധ്യാപകനായിരുന്ന ഷാഹുലിന് വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പാട്ടെഴുത്തിനോട് കമ്പമുണ്ടായിരുന്നു. മലയാള ഭാഷയിലും സാഹിത്യത്തിനും ബിരുദാനന്തര ബിരുദമെടുക്കാൻ ഇതു പ്രേരണയായയി.

വൈക്കം മാളവിക തിയറ്റേഴ്സ് ഉടമ ടി.കെ.ജോണുമായും സംവിധായകൻ സുന്ദരൻ കല്ലായിയുമായുള്ള അടുപ്പമാണ് നാടക ഗാനരംഗത്തേക്കുള്ള വഴി തുറന്നത്. ആദ്യ ഗാനത്തിന്റെ വരികളിൽ തന്നെ താത്പര്യം തോന്നിയ എം.കെ.അർജുനൻ മാസ്റ്ററാണ് ഷാഹുലിനെ മറ്റു പല നാടക സമിതികൾക്കും പരിചയപ്പെടുത്തിയത്. കൊല്ലം കാദംബരി, യൂണിവേഴ്സൽ, കോട്ടയം നാഷണൽ, ചേർത്തല ജൂബിലി, സാഗരിക, ഗീഥാ സലാമിന്റെ ഓച്ചിറ നാടകരംഗം തുടങ്ങിയ സമിതികളിലെ സ്ഥിരം പാട്ടെഴുത്തുകാരനായിരുന്നു ഷാഹുൽ. മലയാള കലാഭവന്റെയും ഹരിപ്പാട് സുദർശനയുടേയുമൊക്കെ നൃത്തനാടകങ്ങൾക്കും ഇടക്കൊച്ചി പ്രഭാകരന്റെ കഥാപ്രസംഗത്തിനും ഗാനങ്ങളൊരുക്കി.

പ്രശസ്തമായ കലാനിലയം നാടക വേദിയുടെ രണ്ടാം വരവിൽ, സുന്ദരൻ കല്ലായി എഴുതി സംവിധാനം ചെയ്ത എല്ലാ നാടകങ്ങൾക്കും പാട്ടെഴുതിയത് ഷാഹുലായിരുന്നു. മലയാള ചലച്ചിത്രഗാനങ്ങൾ പോലെ തന്നെ ജനപ്രിയമായിരുന്നു നാടക ഗാനങ്ങളും. കെ.പി.എ.സിയും കൊല്ലം കാളിദാസ കലാകേന്ദ്രവും ഉൾപ്പെടെ വളരെ കുറച്ചു നാടക സമിതികൾ മാത്രമേ ഗാനങ്ങൾ റെക്കാർഡ് ചെയ്തു വച്ചിട്ടുള്ളൂ. അതുകൊണ്ട് പല നാടക സമിതികളുടേയും പാട്ടുകൾ നാടകാവതരണം കഴിഞ്ഞയുടൻ തന്നെ വിസ്മൃതിയിലായി.

എം.എസ്.ബാബുരാജ്, ദക്ഷിണാമൂർത്തി, കുമരകം രാജപ്പൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം മലയാള നാടകത്തിന്റെ സുവർണ്ണകാലത്ത് പ്രവർത്തിക്കാൻ ഷാഹുലിന് സാധിച്ചു. എഴുതിയ നാടകഗാനങ്ങളെല്ലാം ഇന്ദുഗോപം എന്ന പേരിൽ കാസറ്റിലാക്കിയിട്ടുണ്ട്. നോവലും കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഴിമുഖം, ഉദയായുടെ മല്ലനും മാതേവനും ഉൾപ്പെടെയുള്ള സിനിമകൾക്കും ഗാനങ്ങളെഴുതി. ഭാര്യ: റിട്ട. അദ്ധ്യാപിക മറിയംബീവി (അമ്പി ടീച്ചർ). മക്കൾ: റസൽ,റാഫി.