മാവേലിക്കര: മാവേലിക്കരയിൽ ഇന്നലെ വൈകിട്ടുണ്ടായ കാറ്റിൽ മരം വീണ് രണ്ട് വീടുകൾ തകർന്നു. കോടതിക്ക് പടിഞ്ഞാറ് ഷീല ഭവനത്തിൽ ബോസ് മാത്യുവിന്റെ വീട്ടിലേക്ക് സമീപത്തെ പുരയിടത്തിൽ നിന്ന പ്ലാവിന്റെ ശിഖരം ഒടിഞ്ഞുവീണ് കിടപ്പ് മുറിയുടേയും അടുക്കളയും മേൽക്കൂര പൂർണ്ണമായും തകർന്നു. ഭിത്തികൾക്കും വിള്ളലുണ്ടായി. സംഭവ സമയം വീട്ടിൽ ആരുമില്ലാതിരുന്നത് അപകടം ഓഴിവാക്കി. രണ്ടു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുടമ പറഞ്ഞു.
മാവേലിക്കര ഗവ.ആയുർവേദ ആശുപത്രി വളപ്പിൽ നിന്ന കവുങ്ങ് സമീപത്തെ കൊറ്റാർകാവ് കുളത്തിന്റെ പടീറ്റതിൽ മണിയുടെ വീടിനു പുറത്തേക്ക് വീണ് മേൽക്കൂരയുടെ ഭാഗം തകർന്നു. ആശുപത്രി വളപ്പിൽ നിന്ന കവുങ്ങിന്റെ ചുവട്ടിൽ ചപ്പുചവറുകൾ കത്തിച്ച് വേര് നശിച്ചതാണ് മരം വീഴാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തു നിന്ന മറ്റൊരു കവുങ്ങ് ആശുപത്രി കെട്ടിടത്തിന്റെ അടുക്കളഭാഗത്തേക്ക് വീണിരുന്നു.