രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഫീസ് നിരക്കുകൾ ഉയർത്തും
ആലപ്പുഴ: പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾക്കുള്ള ഫീസുകൾ കുത്തനെ ഉയർത്തുന്നത്, ഇപ്പോൾ തന്നെ നഷ്ടക്കണക്കിലൂടെ കടന്നു പോകുന്ന സ്വകാര്യ ബസ് മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഒക്ടോബർ ഒന്നുമുതൽ പുതുക്കിയ ഫീസുകൾ പ്രാബല്യത്തിൽ വരും. അടുത്തിടെ ബസുകളുടെ ആയുസ് 20 വർഷമായി ഉയർത്തിയിരുന്നു. ഈ ആനുകൂല്യം മുതലെടുത്ത് 15 വർഷത്തിലധികം പഴക്കമുള്ള 200ലധികം ബസുകൾ ജില്ലയിൽ ഓടുന്നുണ്ട്.
ഫിറ്റ്‌നസ് പരിശോധന മുടങ്ങിയാൽ ദിവസം 50 രൂപവീതം പിഴ ഒടുക്കും. സ്മാർട്ട് കാർഡിലെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് 200 രൂപയും നൽകണം. ഇന്ധന വില വർദ്ധന മൂലം സർവീസ് തുടരാൻ നിർവാഹമില്ലാത്ത അവസ്ഥയിലാണെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. കൊവിഡിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും തിരിച്ചടിയാണ്. പുതുക്കിയ രജിസ്ട്രേഷൻ നിരക്ക് പ്രകാരം, ഇറക്കുമതി ചെയ്ത ബൈക്കുകൾക്ക് 10, 000 രൂപയും കാറുകൾക്ക് 40, 000 രൂപയും നൽകണം. രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് മാസംതോറും 300 രൂപയും മറ്റു വാഹനങ്ങൾക്ക് 500 രൂപയും പിഴ നൽകണം.പഴയ വാഹനങ്ങൾ പൊളിച്ച് സ്‌ക്രാപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ഫീസ് നൽകേണ്ട.
ഫിറ്റ്നസ് ഫീസ്
രജിസ്‌ട്രേഷൻ പുതുക്കുന്നതിനു മുന്നോടിയായി വാഹനങ്ങൾ ഫിറ്റ്‌നസ് പരിശോധനയ്ക്കു ഹാജരാക്കണം. ഇതിനുള്ള ഫീസും ഉയർത്തി. ഓട്ടോമാറ്റഡ് ടെസ്റ്റിംഗ് സെന്ററുകളിൽ നിരക്ക് വീണ്ടും ഉയരും. 15 വർഷം പഴക്കമുള്ള ഒരു കാറിന്റെ രജിസ്‌ട്രേഷൻ പുതുക്കണമെങ്കിൽ ഫീസായി 5000 രൂപയും ഓട്ടമേറ്റഡ് ടെസ്റ്റിംഗ് ഫീസായി 1000 രൂപയും അടയ്‌ക്കേണ്ടിവരും. 15 വർഷത്തിലധികം പഴക്കമുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്, ത്രീവീലർ- 3500, കാർ- 7500, മീഡിയം പാസഞ്ചർ-ഗുഡ്‌സ്- 10, 000, ഹെവി- 12,500 രൂപ എന്നിങ്ങനെയാണു നിരക്ക്. ഇതിനുപുറമേ ഫിറ്റ്‌നസ് സെന്ററിന്റെ ഫീസും.
രജിസ്ട്രേഷൻ നിരക്ക്15 വർഷം പഴക്കമുള്ളവ (നിലവിൽ,പുതിയത്)
ഇരുചക്രവാഹനം.......( ₹300 ,₹ 1000)
കാർ...............................( 600,5000)
രജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പുള്ള ഫിറ്റ്നസ് ഫീസ്
ഇരുചക്രവാഹനം.......₹ 400
ഓട്ടോറിക്ഷ(മീഡിയം).....................₹800
കാറുകൾ(മീഡിയം).......................₹800
ഗുഡ്‌സ്..........................................₹800
ഹെവി............................................₹1000
..........
'' പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണെന്ന് രജിസ്ട്രേഷൻ,ഫിറ്റ്നസ് ഫീസ് ഉയർത്തിയത്. കൊവിഡ് പ്രതിസന്ധിയും ഇന്ധന വിലവർദ്ധനവും കാരണം നടുവൊടിഞ്ഞ സ്വകാര്യ ബസ് മേഖലയ്ക്ക് താങ്ങാവുന്നതിനും അപ്പുറമാണിത്.
(ബസ് ഉടമകൾ)