 50ഓളം വീടുകൾ തകർന്നു

ചേർത്തല: ശക്തമായ കാറ്റിലും മഴയിലും ചേർത്തല താലൂക്കിൽ 50 ഓളം വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി വീണ് ദേശീയപാതയിലടക്കം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി പോസ്​റ്റുകൾ ഒടിഞ്ഞ് വീണു. ലൈനുകൾ പൊട്ടിവീണ് വൈദ്യുതി വിതരണം താറുമായി.

സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ തറവാടായ വയലാറിലെ കൂന്തിരിത്തേരി വീടിന് മുകളിൽ മരം വീണു. ദേശീയപാതയിൽ കെ.വി.എം ആശുപത്രിക്ക് മുന്നിലും അർത്തുങ്കൽ പള്ളിക്ക് സമീപവും ദേവീക്ഷേത്രത്തിന് പിന്നിലും റോഡിന് കുറുകെ മരം വീണു. വയലാർ പാലത്തിന് കിഴക്ക് പ്രവർത്തിക്കുന്ന സപ്ലൈകോ ഗോഡൗണിന്റെ മേൽക്കൂര കാറ്റിൽ പറന്നു. പരിപ്പ്, പഞ്ചസാര,പയർ ഉൾപ്പെടെ സംഭരിച്ചിരുന്ന ഭാഗത്തെ മേൽക്കൂരയാണ് കാറ്റിൽ തകർന്നത്. ചേർത്തലയിലെ വെള്ളിയാകുളം മേഖലയിൽ ആലിപ്പഴം വീണു. തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡിൽ മ​റ്റത്തിൽ അൽഫോൻസ, പുതുവൽ നികർത്തിൽ ആന്റണി പ്രസാദ്, പടിക്കപ്പറമ്പിൽ ബെന്നി, കുരുന്നേക്കാട് വർഗീസ്, മരങ്ങാട്ട് നികർത്ത് മുരളി, കടക്കരപ്പളളി കൊല്ലാട്ട് സുകുമാരി, കോന്നോത്ത് രവീന്ദ്രൻ നായർ, തറപ്പാട് ചന്ദ്രൻ,നെടുങ്ങാട്ട് ചിറ മോഹനൻ, പള്ളിപ്പറമ്പിൽ ഷാജി, മാണിയക്കേൽ കുട്ടാച്ചൻ എന്നിവരുടെ വീടുകൾക്കാണ് നാശം നേരിട്ടത്. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലും കാറ്റ് വ്യാപകമായ നാശം വിതച്ചു.

ചെങ്ങണ്ട പാലത്തിന് വടക്ക് ഭാഗത്ത് മരം കടപുഴകി വീണ് കെ.എസ്.ഇ.ബി ലൈൻ പൊട്ടി. തിരുനെല്ലൂർ പോസ്റ്റ് ഓഫീസിന് കിഴക്ക് പ്രതാപന്റെ വീടിന് മുകളിൽ തെങ്ങും വൻമരവും കടപുഴകി വീണ് വീടിന് കേടുപാടു സംഭവിച്ചു. നഗരസഭ 15ാം വാർഡിൽ ചേലാട്ട് മോഹനന്റെ വീടിന്റെ മേൽക്കൂകുര കാ​റ്റിൽ തകർന്നു. 11-ാം വാർഡിൽ നികർത്തിൽ രാഘവന്റെ വീടിന് മുകളിലും മരം വീണു. ചേർത്തല തെക്ക് പഞ്ചായത്ത് 9-ാം വാർഡിൽ കളരിക്കൽവെളി ചന്ദ്രന്റെ വീടിന് മുകളിൽ ആഞ്ഞിലി മരം കടപുഴകി വീണു.റോഡിൽ വീണ മരങ്ങൾ മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിക്കാൻ ഫയർഫോഴ്‌സും പൊലീസും അടിയന്തര നടപടി തുടങ്ങി. നിരവധി ഇലക്ട്രിക് പോസ്റ്റുകളും നിലംപതിച്ചു.വൈദ്യുതി ലൈനുകളുടെ തകരാർ പരിഹരിക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ നടപടി തുടങ്ങി.താലൂക്കിന്റെ തെക്കൻ മേഖലയിൽ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. വെള്ളിയാഴ്ച ഉച്ചയോടെ മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാനാ

കൂ എന്ന് അധികൃതർ അറിയിച്ചു.