
മാവേലിക്കര: തികഞ്ഞ ആത്മവിശ്വാസത്തിലാണ് മാവേലിക്കരയിലെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ. ഇടതു മുന്നണിയും എൻ.ഡി.എയും പുതുമുഖങ്ങളെ കളത്തിലിറക്കിയപ്പോൾ 2011ൽ ജെ.എസ്.എസ് ടിക്കറ്റിൽ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ. ഷാജുവിനെയാണ് ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന കെ. സഞ്ജുവിനെ തന്ത്രപരമായി സ്ഥാനാർത്ഥിയാക്കി എൻ.ഡി.എയും പ്രചാരണ രംഗത്ത് ഉഷാറാണ്.
അരുണിന് ഉറപ്പാണ്, ജയിക്കും
നൂറനാട് വടക്ക് ഇടപ്പോൺ ക്ലാത്തറ ജംഗ്ഷനിൽ നിന്നായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എസ്. അരുൺകുമാറിന്റെ പര്യടനത്തുടക്കം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ധീരരക്തസാക്ഷി കെ.ആനന്ദന്റെ മണ്ണായ നൂറനാടും നിരവധി കർഷകത്തൊഴിലാളി സമരങ്ങൾക്ക് വേദിയായ പാലമേലും ഇരുകൈകളും നീട്ടി അരുൺകുമാറിനെ സ്വീകരിച്ചു. തീപാറുന്ന വെയിലിലും ആവേശം ഒട്ടും ചോരാതെ ആബാലവൃദ്ധം ജനങ്ങൾ സ്വീകരണ കേന്ദ്രങ്ങളിൽ കാത്തു നിന്നു. പര്യടനത്തിന് അകമ്പടിയായി സ്ത്രീകളുടെയും യുവാക്കളുടെയും ഒഴുക്ക് ശ്രദ്ധേയമായിരുന്നു. ജനപങ്കാളിത്തത്തിലൂടെ പരസ്പരം മത്സരിച്ച സ്വീകരണ കേന്ദ്രങ്ങളിൽ വെടിക്കെട്ടും മുത്തുക്കുടയും നിറപറയും നിലവിളക്കും രക്തഹാരങ്ങളും പൂച്ചെണ്ടുകളു നിറഞ്ഞു.
നൂറനാട് വടക്ക് കുഴമത്ത് ജംഗ്ഷനിലെ സ്വീകരണത്തിനിടയിൽ ബസ് കാത്തു നിന്ന രണ്ടു പെൺകുട്ടികൾ ഒരു സെൽഫിയെടുക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി അരുണിനെ സമീപിച്ചത് കൗതുകക്കാഴ്ചയായി. തിരക്കിനിടയിലും അവർക്കൊപ്പം നിന്ന് സെൽഫിയെടുത്ത് അരുൺ അടുത്ത കേന്ദ്രത്തിലേക്ക്. പാലമേൽ പഞ്ചായത്തിൽ ഏറെ വൈകിയും കാത്തിരുന്ന സ്ത്രീകളടക്കമുള്ള ആയിരങ്ങളെ നിരാശരാക്കിയില്ല. 20 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കല്ലുവിള തത്തംമുന്നയിൽ നൂറനാട് പഞ്ചായത്തിലെ സ്വീകരണം സമാപിച്ചു. പാലമേൽ വടക്ക് മുതുകാട്ടുകര ക്ഷേത്ര ജംഗ്ഷനിൽ നിന്നു ആരംഭിച്ച പാലമേൽ പഞ്ചായത്തിലെ സ്വീകരണം 21 കേന്ദ്രങ്ങൾ പിന്നിട്ട് പണയിൽ കുറ്റിയിൽ സമാപിച്ചു.
ഷാജുവിന് നോ കൺഫ്യൂഷൻ
യു.ഡി.എഫ് സ്ഥാനാർഥി കെ.കെ.ഷാജുവിന്റെ നൂറനാട് പഞ്ചായത്ത് പര്യടനം തുടങ്ങിയത് കുഴമത്ത് മുക്കിൽ നിന്നാണ്. സ്വന്തം തട്ടകമായ നൂറനാട്ട് വൻ ജനാവലിയാണ് രാവിലെ എട്ടരയ്ക്ക് സ്വീകരണത്തിനായി കാത്തുനിന്നത്. കാറിൽ വന്നിറങ്ങിയ സ്ഥനാർത്ഥി നേരെ ജനങ്ങളിൽക്കിടയിലേക്ക്. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ബാബുപ്രസാദ് പര്യടനം ഉദ്ഘാടനം ചെയ്തു.
അവിടെ നിന്ന് മലയിൽ മുക്ക്, കുതിരകെട്ടുംതടം തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിലേക്ക്. കർഷകരുടെയും കർഷക തൊഴിലാളികളുടെയും നാടായ നൂറനാട്ടെ സ്വീകരണ കേന്ദ്രങ്ങളിൽ ജനങ്ങൾ ഒന്നടങ്കം സ്ഥാനാർത്ഥിയെ കാണാനെത്തി. ചിലർക്ക് കണ്ടാൽ മതി. മറ്റൊരു കൂട്ടർക്ക് കൈപിടിച്ച് കുശലം പറഞ്ഞാലേ തൃപ്തിയാവൂ. പുതുതലമുറയിലെ ആൺ, പെൺഭേദമില്ലാതെ സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കണം. വീടുകളിലേക്ക് ചിരപരിചിതനെപ്പോലെ കയറിച്ചെല്ലുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ ലഘുപ്രസംഗം മാത്രം. അടുത്ത സ്വീകരണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ ബൈക്ക് റാലി, വാഹന റാലി എന്നിവ അനുഗമിച്ചു. വ്യത്യസ്ത മേഖലയിലുള്ള നാട്ടുകാർ ആവേശത്തോടെയാണ് സാധാരണക്കാരനായ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ കാത്തു നിന്നത്. കാക്കാട്ട്കുറ്റി കോളനിയിൽ ഉച്ചഭക്ഷണം. തുടർന്ന് മൂന്നരയോടെ ആരംഭിച്ച പര്യടനത്തിന് ഏലിയാസ് നഗർ, വടക്കടത്ത്കാവ്, ചേലേ ജംഗ്ഷൻ, ഇളമന മഠം, ചക്കാലമുക്ക് എന്നിവിടങ്ങളിൽ വൻ സ്വീകരണമാണ് നൽകിയത്. കുന്നയ്യത്ത് മുക്കിലാണ് അവസാനിച്ചത്.
താമരച്ചേലിൽ സഞ്ജു
മാവേലിക്കര നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.സഞ്ജുവിന്റെ പഞ്ചായത്ത്തല സ്വീകരണ പര്യടനം തുടങ്ങിയത് മറ്റം വടക്ക് നരസിംഹ സ്വാമി ക്ഷേത്രത്തിന് മുന്നിൽ നിന്നായിരുന്നു. ഉദ്ഘാടന യോഗം തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രദേശവാസികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. കർണാടക മുൻ മന്ത്രിയും നിലവിൽ എം.എൽ.എയുമായ അപ്പാജി രഞ്ജന്റെ ഉദ്ഘാടന പ്രസംഗം. പത്ത് മണിയോടെ ചടങ്ങുകൾ പൂർത്തിയാക്കി അടുത്ത കേന്ദ്രത്തിലേക്ക് യാത്രതിരിക്കുമ്പോൾ വീണ്ടും കൈകൾ ഉയർത്തി അഭിവാദ്യം. കൊറ്റാർകാവിലായിരുന്ന അടുത്ത സ്വീകരണം. അവിടെ കാത്തുനിന്നത് അമ്മമാരടക്കമുള്ള സ്ത്രീകളുടെ വലിയ നിര. മാവേലിക്കരയുടെ പ്രിയങ്കരനായ ജനനായകനായി കെ.സഞ്ജു ഇതിനോടകം മാറിക്കഴിഞ്ഞുവെന്ന് ആൾക്കൂട്ടത്തെ സാക്ഷിയാക്കി നേതാക്കളുടെ പ്രഖ്യാപനം.
ഇടത് രാഷ്ട്രീയത്തിലുടെ കടന്നുവന്ന് നേതൃനിരയിൽ തിളങ്ങിയപ്പോഴും തന്റെ കുടുംബത്തെ ഉയർന്ന ജീവിത സാഹചര്യത്തിലേക്ക് കൈപിടിച്ചുയർത്താനോ താൻ വഹിക്കുന്ന സ്ഥാനമാനങ്ങൾ പ്രയോജനപ്പെടുത്തി സാമ്പത്തിക നേട്ടം
ഉണ്ടാക്കാനോ ശ്രമിക്കാത്ത വ്യക്തിത്വമാണ് സഞ്ജുവിന്റേത്. ഇറവൻക്കര ശിവക്ഷേത്രം, കൊല്ലകടവ് പാലം, മാങ്കാംകുഴി, വെട്ടിയാർ, പാറകുളങ്ങര, അറുനൂറ്റിമംഗലം, ആക്കനാട് കാണിക്കവഞ്ചി ജംഗ്ഷൻ വഴി തടത്തിൽ ഗുരുമന്ദിരത്തിനു സമീപം പര്യടനം സമാപിക്കുമ്പോഴും സഞ്ജു ഉർജ്ജസ്വലനായിരുന്നു. മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി താമര വിരിയുമെന്ന് തന്നെയാണ് സഞ്ജുവിന്റെ വിശ്വാസം.