ചേർത്തല: കനത്ത മീനചൂടിനെ പോലും അവഗണിച്ച് വോട്ടർമാരെ നേരിൽ കണ്ട് അടിത്തട്ടിൽ വോട്ടുറപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ് മുന്നണി സ്ഥാനാർത്ഥികൾ.
പരിവർത്തനത്തിന്റെ കാഹളമോതി എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. പി.പസ്.ജ്യോതിസ് നടത്തുന്ന പദയായാത്ര സമാപിച്ചു. കഴിഞ്ഞ നാല് ദിവസമായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തിലും ഒരു നഗരസഭയിലും പര്യടനം നടത്തിയാണ് പദയാത്ര സമാപിച്ചത്. ഗ്രാമത്തിലെ ജനങ്ങളുടെ ഹൃദയവേദന തൊട്ടറിഞ്ഞും പരിഹാരം നിർദ്ദേശിച്ചും മുന്നേറിയ പദയാത്രക്ക് വൻ സ്വീകാര്യതയാണ് വിവിധ ജനവിഭാഗങ്ങളിൽ നിന്നും ലഭിച്ചത് .മറ്റ് പാർട്ടികളിൽ നിന്ന് നൂറ് കണക്കിന് പേർ അനുഭാവികളായി എൻ.ഡി.എയ്ക്ക് ഒപ്പം ചേർന്നതും യാത്രക്ക് ആവേശം പകർന്നു .ഏഴ് പഞ്ചായത്തിലായി 100ൽ അധികം കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളും 50ഓളം സ്ഥലങ്ങളിൽ കുടുംബയോഗങ്ങളും നടന്നു .ഇന്നലെ വൈകിട്ട് ചേർത്തല നഗര പ്രദക്ഷിണം നടത്തിയാണ് പദയാത്ര സമാപിച്ചത്.കഞ്ഞിക്കുഴി പഞ്ചായത്തിലെ പര്യടനം പോറ്റിക്കവലയിൽ നിന്നും ആരംഭിച്ചു .ബി.ജെ.പി ജില്ലാ സെക്രട്ടറി സജിവ് ലാൽ ഉദ്ഘാടനം ചെയ്തു.വൈകിട്ട് നഗരത്തിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.ശരത് ചേർത്തല മുട്ടം മാർക്കറ്റിൽ വോട്ടുതേടിയാണ് പര്യടനം തുടങ്ങിയത്.തുടർന്ന് പുത്തനമ്പലത്തിന് സമീപത്തെ സുജിത്തിന്റെ സൂര്യകാന്തി പാടം സന്ദർശിച്ചു.തുടർന്ന് കഞ്ഞിക്കുഴി പഞ്ചായത്തിൽ വോട്ടുതേടി.ഉച്ചക്കുശേഷം ഗുരുപുരത്തു നിന്നാരംഭിച്ച വാഹന പ്രചരണജാഥയിൽ പങ്കെടുത്തു.അർത്തുങ്കലിൽ സമാപിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. പ്രസാദ് ചേർത്തല ശ്രീനാരായണമെമ്മോറിയൽ ഗവൺമെന്റ് ബോയ്‌സ് സ്‌കൂൾ മൈതാനിയിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടു വോട്ടു തേടിയായിരുന്നു പര്യടനം തുടങ്ങിയത്.തുടർന്ന് കടക്കരപ്പള്ളി,തണ്ണീർമുക്കം,മരുത്തോർവട്ടം എന്നിവിടങ്ങളിലായി വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുത്ത് വോട്ടു തേടി.