raju-apsara

സഹായിക്കുന്നവർക്ക് മാത്രം വോട്ടെന്ന് വ്യാപാരി സമൂഹം

ആലപ്പുഴ: പ്രളയവും കൊവിഡും സൃഷ്ടിച്ച പ്രതിസന്ധികളുടെ ഹാങ്ങോവറിലാണ് പെട്ടിക്കടക്കാർ മുതൽ വൻകിടക്കാർ വരെയുള്ള വ്യാപാരി സമൂഹം. ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ വ്യാപാര മേഖലയ്ക്ക് കാര്യമായ നേട്ടമുണ്ടായിരുന്നില്ല. ജിഎസ്ടി റിട്ടേൺ സമർപ്പിച്ചപ്പോൾ വന്ന പിഴവുകളുമായി ബന്ധപ്പെട്ട ഫീസും പിഴത്തുകയും ഇളവു ചെയ്യണമെന്നതടക്കമുളള നിരവധി ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. കൊവിഡ് കാലത്തെ വായ്പാ പലിശയിൽ ഇളവ് വേണമെന്ന ആവശ്യവും ബഡ്ജറ്റിൽ ഇടം പിടിച്ചില്ല. പ്രളയ സെസ് നിറുത്തലാക്കിയതും, വാറ്റ്, വില്പന നികുതി കുടിശിക നിവാരണ പദ്ധതി ദീർഘിപ്പിച്ചതും മേഖലയ്ക്ക് ആശ്വാസകരമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് ജനവിധി തേടിയ മന്ത്രിമാരായ ജി.സുധാകരനും, തോമസ് ഐസക്കിനും വ്യാപാരി സമൂഹം പരസ്യ പിന്തുണ അറിയിച്ചിരുന്നു. എന്നാൽ ഇത്തവണ ഇങ്ങനെയൊരു സമീപനം സ്വീകരിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.

നേതാക്കളുടെ പ്രതികരണങ്ങൾ...

വ്യാപാരികളുടെ ന്യായമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൂടെ നിൽക്കുമെന്ന് ഉറപ്പ് നൽകുന്നവരെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കും. റോഡ് വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ട വാടകക്കാർക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്തണം. ഇന്റീരിയർ ഡിസൈനുകൾക്കടക്കം ലക്ഷങ്ങൾ മുതൽമുടക്കിയവരാണ് പെരുവഴിയിലായത്. വാടക കുടിയാൻ നിയമം പാസാക്കാൻ പുതിയ സർക്കാർ തയ്യാറാവണം. വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. പ്രളയം ബാധിച്ച വ്യാപാരികൾക്കുള്ള 5000 രൂപ നഷ്ടപരിഹാരം ഇനിയും പലർക്കും ലഭിച്ചിട്ടില്ല. നടപടിക്രമങ്ങളുടെ കാലതാമസമാണ് വില്ലനാകുന്നത്. കൊവിഡ് കാലത്ത് ക്ഷേമനിധി അംഗങ്ങൾക്ക് കേവലം 1000 രൂപയുടെ ധനസഹായമാണ് ലഭിച്ചത്

രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി

........................

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേരിൽ കോർപ്പറേഷൻ ബാങ്ക് ജീവനക്കാരെ കൂട്ടത്തോടെ വിളിപ്പിച്ചതോടെ ബാങ്ക് ഇടപാടുകൾ കൃത്യമായി നടത്താനാവുന്നില്ല. ഈ സാഹചര്യത്തിൽ വ്യവസായം മുന്നോട്ട് കൊണ്ടുപോകുന്നത് പ്രയാസകരമാണ്. നഗരത്തിൽ 300 ലധികം കച്ചവടക്കാർ ഇടപാടുകൾ നടത്തുന്നത് ജനറൽ ആശുപത്രിക്ക് സമീപമുള്ള കോർപ്പറേഷൻ ബാങ്ക് ശാഖയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഇടപാടുകൾ സാദ്ധ്യമാകുന്നില്ല. വ്യാപാരികൾക്ക് ആര് സഹായം നൽകുന്നുവോ, അവരെ മാത്രം തിരിച്ച് സഹായിച്ചാൽ മതിയെന്നാണ് ഞങ്ങളുടെ നിലപാട്. എല്ലാത്തവണയും സ്വീകരിച്ചിരുന്ന ഉദാര സമീപനം ഇക്കുറിയുണ്ടാവില്ല

വി. സബിൽ രാജ്, ജില്ലാ ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

........................................

വികസന പദ്ധതികൾക്കൊപ്പം ടൂറിസം, വ്യാപാര സംരംഭങ്ങൾക്കും പുതിയ സർക്കാർ പ്രാമുഖ്യം നൽകണം. ഉണർവേകുന്ന പദ്ധതികൾ വരണം. പുത്തൻ സംരംഭകർക്ക് പ്രോത്സാഹനം നൽകണം. വൈദ്യുതി താരിഫ് കുറയ്ക്കുന്ന എം.എസ്.എം.ഇ നടപ്പായാൽ ഏറെ ഗുണകരമാണ്. സ്റ്റാർട്ടപ്പുകൾ വിപുലമാകാനും, ജി.എസ്.ടി ഇളവോടെ കുടിൽ വ്യവസായ മോഡൽ സംരംഭങ്ങൾ ആരംഭിക്കാനുമുള്ള പദ്ധതികൾ ആവിഷ്കരിക്കണം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതോടെ സംസ്ഥാനത്തിന്റെ പണം പുറത്ത് പോകാതെ വളർച്ച നേടാൻ സഹായകമാകും. പുതിയ സർക്കാർ ഇക്കാര്യങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

എസ്.കെ.നസീർ, ജനറൽ സെക്രട്ടറി, ഓൾ കേരള പൗൾട്രി ഫെഡറേഷൻ