
ആലപ്പുഴ: പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിന്നു തിരിയാൻ നേരമില്ലാതെ ഓട്ടത്തിലാണ് ഡി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറിയും, മുൻ എം.എൽ.എയുമായ എ.എ.ഷുക്കൂർ. എല്ലാ മണ്ഡലങ്ങളിലും ഓടിയെത്തണം. സർവ്വ സജ്ജീകരണങ്ങൾക്കും സന്നാഹങ്ങൾക്കും നേതൃത്വം നൽകണം. പഴയ കസേരയിലേക്ക് അധിക ചുമതലയോടെ തിരികെ എത്തിയിരിക്കുകയാണിപ്പോൾ. പ്രതിപക്ഷ നേതാവും, ഡി.സി.സി പ്രസിഡന്റും, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയുമുൾപ്പടെ യു.ഡി.എഫ് ടിക്കറ്റിൽ മത്സരിക്കുന്ന ആലപ്പുഴ ജില്ലയിൽ ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള പോരാട്ടത്തിലാണെന്ന് എ.എ.ഷുക്കൂർ പറയുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേവലം ഒരു സീറ്റും, ഉപതിരഞ്ഞെടുപ്പിലെ വിജയവുമൊഴിച്ചാൽ കനത്ത പ്രഹരമാണ് യു.ഡി.എഫ് നേരിട്ടത്. എല്ലാ അഗ്നിപരീക്ഷകളെയും നേരിട്ട് ഇപ്രാവശ്യം വിജയക്കൊടി പാറിക്കും എന്ന ശുഭപ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
വിജയപ്രതീക്ഷ?
ജില്ലയിൽ 9 സീറ്റിലും കടുത്ത മത്സരമാണ് നടക്കുന്നത്. എന്നിരുന്നാലും ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. അഞ്ചിന് മുകളിൽ സീറ്റ് ലഭിക്കുമെന്ന് വെല്ലുവിളിക്കുന്നില്ല. പക്ഷേ അത്തരത്തിൽ സാഹചര്യങ്ങളെ അനുകൂലമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. കഴിഞ്ഞ തവണ കൈവിട്ടുപോയ പല മണ്ഡലങ്ങളും ഇത്തവണ തിരിച്ചുപിടിക്കാൻ സാധിക്കും.
ആഴക്കടൽ മത്സ്യബന്ധന കരാർ അടക്കമുള്ള വിഷയങ്ങൾ തീരദേശ വോട്ടർമാർ കൂടുതലുള്ള ജില്ലയിൽ യു.ഡി.എഫിന് ഗുണം ചെയ്യുമോ?
ഉറപ്പായും യു.ഡി.എഫിന് അനുകൂലമായ ഘടകമാണ്. സി.പി.എമ്മുകാരായ മത്സ്യത്തൊഴിലാളികൾ പോലും ആഴക്കടൽ മത്സ്യ ബന്ധന കരാർ മൂലം സർക്കാരിന് എതിരാണ്. കെട്ടിച്ചമച്ച വിവാദമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ അദ്ദേഹത്തിന്റെ ഓഫീസിന്റെ പങ്ക് പുറത്ത് വന്നതോടെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക വർദ്ധിച്ചു. തങ്ങളുടെ ഉപജീവനത്തിന് തടസമുണ്ടാക്കുന്ന തരത്തിലാണ് സർക്കാർ നയമെന്ന ബോദ്ധ്യം അവർക്കുണ്ട്. ജീവൻ പണയം വെച്ച് പിടിച്ചുകൊണ്ടുവരുന്ന മീനിന് 5 ശതമാനം നികുതി ചുമത്തിയും, ഫിറ്റ്നസ് പരിശോധിക്കാതെ എട്ട് വർഷം പഴക്കമുള്ള യാനങ്ങൾക്ക് യാത്ര നിഷേധിച്ചതുമായ അശാസ്ത്രീയ തീരുമാനങ്ങൾ വഴി മത്സ്യത്തൊഴിലാളികളോട് എൽ.ഡി.എഫ് സർക്കാർ ക്രൂരതയാണ് കാണിച്ചത്. ഇത് മത്സ്യഫെഡ് ചെയർമാൻ അടക്കമുള്ള സ്ഥാനാർത്ഥികൾക്ക് ദോഷം ചെയ്യും.
യുവാക്കൾക്ക് നൽകിയ പ്രാതിനിധ്യം എൽ.ഡി.എഫ് മാതൃകയാണോ?
എ.കെ.ആന്റണിയും, വയലാർ രവിയും, ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും, പന്തളം സുധാകരനും ഉൾപ്പടെ കോൺഗ്രസിന്റെ ഇന്നത്തെ തലമുതിർന്ന നേതാക്കളെല്ലാം യൗവനകാലത്ത് മുഖ്യധാരാ രാഷ്ട്രീയത്തിൽ എത്തിയവരാണ്. ചെറുപ്രായത്തിൽതന്നെ ജനകീയ അംഗീകാരം നേടിയ കോൺഗ്രസ് നേതാക്കളെ കണ്ടാണ് എൽ.ഡി.എഫ് യുവാക്കൾക്ക് അവസരം നൽകിത്തുടങ്ങിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പടുത്തിയാൽ ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിലുള്ള പ്രകടമായ മാറ്റം യുവനിരയുടെ രംഗപ്രവേശമാണ്. 21 ാം വയസിൽ ജില്ലാ പഞ്ചായത്തംഗമായ ആൾ 26ാം വയസിൽ നിയമസഭയിലേക്ക് മത്സരിക്കുന്നത് ചെറിയ കാര്യമല്ല. സ്ഥാനാർത്ഥിത്വത്തിലെ യുവത്വം യു.ഡി.എഫിന് അനുകൂല ഘടകമാണ്.
പാളയത്തിൽ പടയുണ്ടോ?
പാളയത്തിൽ പട എൽ.ഡി.എഫിലേത് പോലെ യു.ഡി.എഫിൽ ഇല്ല. പിണറായി സൂക്തം മാത്രം അലയടിക്കുന്ന സർവാധിപത്യമാണ് എൽ.ഡി.എഫിലേത്. എന്നാൽ കോൺഗ്രസിൽ അങ്ങനെയല്ല. വിശാലമായ നേതൃനിര കൂട്ടായാണ് തീരുമാനങ്ങളെടുക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളിടത്ത് അവ പരിഹരിച്ച് വരുന്നു. എൽ.ഡി.എഫിന്റെ ചട്ടവിരുദ്ധവും, സ്വജനപക്ഷപാതവും, അഴിമതി കലർന്നതുമായ നടപടികൾ ജനമനസിലുണ്ട്. അത് കഴുകിക്കളയാൻ ചില ചെപ്പടി വിദ്യകളും പ്രയോഗിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം തിരിച്ചറിയുന്ന ജനത്തിന്റെ വികാരം യു.ഡി.എഫ് വോട്ടായി മാറും.