
അമ്പലപ്പുഴ: ഇടതു സർക്കാരിനെതിരെ ബി.ജെ.പിയെയും യു.ഡി.എഫിനെയും കൂടാതെ മൂന്നാമതൊരു ശക്തിയായി കേന്ദ്ര ഏജൻസികളും പ്രവർത്തിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്.സലാമിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കപ്പക്കടയിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്ന കിഫ്‌ബിയെ തകർക്കാനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. അതിന് മുന്നോടിയായാണ് ആദായ വകുപ്പ് കിഫ്‌ബി യിൽ റെയ്ഡ് നടത്തിയത്.ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ വ്യാജ ഏറ്റുമുട്ടൽ കൊലപാതക വിദഗ്ദ്ധനെന്നാണ് അമിത് ഷാ അറിയപ്പെട്ടിരുന്നത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായപ്പോൾ അദ്ദേഹം പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരെയുമല്ല മറിച്ച് ജനോപകാരമായ പദ്ധതികൾക്കെതിരെയാണ് ഇവർ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത്.വികസന തുടർച്ചക്ക് എൽ.ഡി.എഫ് അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.വി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പ്രസാദ്, ഡി.ലക്ഷ്മണൻ, സി.ഷാംജി, സാദിഖ് എം മാക്കിയിൽ, നസീർ സലാം, ജമാൽ പള്ളാത്തുരുത്തി തുടങ്ങിയവർ സംസാരിച്ചു