
ആലപ്പുഴ: തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പോസ്റ്ററുകളും ബാനറുകളും ബോർഡുകളും ചുവരെഴുത്തും തോരണങ്ങളും നീക്കുന്നതിന്റെ ചെലവ് സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എ.അലക്‌സാണ്ടർ പറഞ്ഞു.
മാതൃകാപെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ കൂടിയ സ്‌ക്രീനിംഗ് കമ്മിറ്റിയിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആന്റീ ഡീഫേസ്‌മെന്റ് സ്‌ക്വാഡ് വിവിധ സ്ഥലങ്ങളിൽനിന്ന് നീക്കം ചെയ്ത പ്രചാരണ സാമഗ്രികളുടെ എണ്ണം അനുസരിച്ചാണ് ഇതിനു ചെലവായ തുക ഈടാക്കുക. പോസ്റ്ററുകളും ബാനറുകളും ബോർഡുകളും അച്ചടിച്ച് സ്ഥാപിക്കാനെടുത്ത ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തുന്നതിനു പുറമേയാണ് ഇവ നീക്കം ചെയ്യാനുള്ള തുക ഈടാക്കുക. വരണാധികാരികൾ സ്ഥാനാർത്ഥികൾക്ക് കത്ത് നൽകും.
പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും ബോർഡുകളും സ്ഥാപിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ കമ്മിറ്റി പരിശോധിച്ച് നടപടികൾക്ക് നിർദേശം നൽകി. എം.സി.സി നോഡൽ ഓഫീസറായ ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.എസ്.ലതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺ കുമാർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജെ.മോബി, ഫിനാൻസ് ഓഫീസർ ഷിജു ജോസ്, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ എം.ഹുസൈൻ എന്നിവർ പങ്കെടുത്തു. ജില്ലയിൽ വിവിധ മണ്ഡലങ്ങളിലായി 38,036 പ്രചാരണ സാമഗ്രികളാണ് ഇന്നലെ വരെ നീക്കിയത്.
# പിഴത്തുക ഇങ്ങനെ
ബോർഡുകൾ - 30 രൂപ
തോരണങ്ങൾ മീറ്ററിന് - 3 രൂപ
പോസ്റ്ററുകൾ - 10 രൂപ
ചുവരെഴുത്ത് (ചതുരശ്രയടി) - 8 രൂപ