photo

ചേർത്തല: ദേശീയപാതയോരത്താണെങ്കിലും ഈ വീടിന്റെ ഗേറ്റിന് 'ജോലിഭാരം' തെല്ലുമില്ല. പണ്ടെപ്പോഴോ തുറന്നിട്ടതാണ്, പിന്നീട് അടച്ചിട്ടേയില്ല. മോഷ്ടാക്കളാണെങ്കിൽപ്പോലും റിസ്കില്ലാതെ ഏതു പാതിരാത്രിയിലും ഉമ്മറത്തെത്താം. അതാണ് ചേർത്തലയിലെ 'ജ്യോതിഭവൻ' എന്ന വീടിന്റെ പ്രത്യേകത. മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ. പി.എസ്. ജ്യോതിസാണ് ഗൃഹനാഥൻ എന്നറിയുമ്പോൾ, എന്തിനാണ് ഈ വീടിനൊരു ഗേറ്റിന്റെ തടസമെന്ന് ചോദിക്കുന്നവരാകും ഏറെയും!

മരുത്തോർവട്ടം ഗ്രാമത്തിലെ മതിലകത്ത് പി.കെ. സുരേന്ദ്രനെ അറിയാത്തവരില്ല. കാൽനൂറ്റാണ്ടിലധികം ചേർത്തലയിൽ ശ്രീനാരായണ പ്രസ്ഥാനത്തെ നയിച്ച പി.കെ. സുരേന്ദ്രൻ ചേർത്തലക്കാർക്കൊക്കെ പ്രിയങ്കരനായിരുന്നു. കഴിഞ്ഞ മേയിൽ അദ്ദേഹം വിട പറഞ്ഞു. പി.കെ.സുരേന്ദ്രന്റെ മകനാണ് അഡ്വ. പി എസ്. ജ്യോതിസ്. സ്വാതന്ത്റ്യ സമരകാലത്ത് ഒളിപ്പോരാളികളായ നിരവധി പേർക്ക് അഭയം നൽകിയ തണ്ണീർമുക്കം ആനേക്കാട് തറവാട്ടിലാണ് പി.കെ.സുരേന്ദ്രൻ ജനിച്ചത്. അതേ തറവാട്ടിലായിരുന്നു ജ്യോതിസിന്റേയും ജനനം. കോൺഗ്രസുകാരനായിരുന്നെങ്കിലും പി.കെ.സുരേന്ദ്രന്റെ വീട് അടിയന്തരാവസ്ഥക്കാലത്ത് കമ്മ്യൂണിസ്​റ്റുകളുടെ അഭയകേന്ദ്രമായിരുന്നു. ആ വീട്ടിൽ നിന്നാണ് പി.എസ്.ജ്യോതിസ് രാഷ്ട്രീയത്തിലേക്കെത്തുന്നത്. അച്ഛന്റെ കൈപിടിച്ചായിരുന്നു ജ്യോതിസിന്റെ വരവ്. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനമെങ്കിലും പിന്നീട് ഇടത് പക്ഷത്തേക്ക് ജ്യോതിസിന്റെ ചിന്തകൾ വ്യതിചലിച്ചു. മുൻ മന്ത്റിയും സി.പി.ഐ നേതാവുമായ പി.എസ്. ശ്രീനിവാസന്റെ ഇളം തലമുറക്കാരനെന്ന വിശേഷണവും ജ്യോതിസിനുണ്ട്. എൻ.പി. തണ്ടാർ മുതൽ കെ.ആർ.ഗൗരിഅമ്മ വരെയെത്തുന്ന ബന്ധുബലമുള്ള ജ്യോതിസ് ബെൻ പത്നിയായെത്തിയതോടെ അവിടെയും സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യത്തിന്റെ നേരവകാശം ജ്യോതിസിന് സ്വന്തമായി.

പെരുമ്പാവൂരിലെ എം.എ.സി.ടി ജില്ലാജഡ്ജിയാണ് ഭാര്യയായ ജ്യോതിസ് ബെൻ. ഈ കുടുംബത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ദമ്പതികളുടെ ഏക മകന്റെ പേരിലുമുണ്ട് ജ്യോതിസ്- ജ്യോതിസ് മഹാദേവൻ. നീതിന്യായ കസേരയിൽ ഇരിക്കുന്നതിനാൽ ഭർത്താവിന്റെ രാഷ്ട്രീയത്തെപ്പറ്റിയോ സ്ഥാനാർത്ഥിത്വത്തെപ്പറ്റിയോ ഒന്നും പറയുന്നില്ലെന്ന് പ്രിയപത്നി. കോടതിക്കാര്യങ്ങൾ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ തികഞ്ഞ ആതിഥേയയുടെ റോളിലാവും ജ്യോതിസ് ബെൻ. തിരഞ്ഞെടുപ്പായതിനാൽ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും തിരക്കാണ് മിക്ക സമയത്തും. കോടതിയിൽ ശീലിച്ച 'നിശബ്ദത' വീട്ടിൽ പ്രായോഗികമല്ലെന്നതിനാൽ ഇക്കാര്യത്തിൽ ഒരു ജഡ്ജിയുടെ കണിശതയൊന്നും ജ്യോതിസ് ബെൻ കാട്ടാറില്ലെന്ന് ഭർത്താവ് ജ്യോതിസും മകൻ ജ്യോതിസും പറയുന്നു.

അഡ്വ. പി.എസ്. ജ്യോതിസുമായി ഒരു ഹ്രസ്വ അഭിമുഖം...

'തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അരങ്ങേ​റ്റം കുറിച്ചത് തണ്ണീർമുക്കം പഞ്ചായത്തിലാണ്. സി.പി എമ്മിനെ പ്രതിനിധീകരിച്ച് പഞ്ചായത്തംഗമായി. ഇപ്പോൾ 25 വർഷം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇക്കാലത്ത് ചെയ്തു തീർത്ത പദ്ധതികളും യാഥാർത്ഥ്യമാക്കിയ വികസന പരിപാടികളും എണ്ണമ​റ്റതാണ്. കേന്ദ്രസർക്കാർ സാധാരണക്കാർക്കായി കൊണ്ടുവന്ന ക്ഷേമ പദ്ധതികളൊക്കെ ആവേശപൂർവ്വം കക്ഷി രാഷ്ട്രീയം നോക്കാതെ നടപ്പാക്കിയത് മ​റ്റുള്ളവരെ ചൊടിപ്പിച്ചു...' ജ്യോതിസ് ആമുഖമായി പറഞ്ഞു.

 തണ്ണീർമുക്കം ബണ്ടിലെ മണലാണോ പാർട്ടിയുമായി തെറ്റിച്ചത്?

വേമ്പനാട്ട് കായലിലെ മണലെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കർക്കശമായ നിലപാട് സ്വീകരിച്ചതോടെ പാർട്ടിയെ നിയന്ത്റിച്ച മാഫിയയ്ക്ക് ഞാൻ അനഭിമതനായി.അഴിമതിക്കെതിരെ നിരന്തരം സംസാരിക്കുക മാത്രമായിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ മണൽ മാഫിയയ്ക്കെതിരെ നടപടിയെടുക്കുകയും സന്ധിയില്ലാ സമരം പ്രാഖ്യാപിക്കുകയും ചെയ്തു.മണലിന്റെ അവകാശം പഞ്ചായത്തിനും പഞ്ചായത്തിലെ ജനങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി അനുകൂല വിധിയും നേടി. 1.65 ലക്ഷം എം ക്യൂബ് മണലാണ് ഡ്രഡ്ജിംഗിലൂടെ ലഭിച്ചിരുന്നത്. കോടിക്കണക്കിന് രൂപ വിലവരും. അഴിമതിക്ക് വഴങ്ങണമെന്ന് മുതിർന്ന നേതാക്കളടക്കം നിർബന്ധിച്ചു. കീഴടങ്ങില്ല എന്ന് ഉറപ്പായതോടെ പാർട്ടി ഒ​റ്റപ്പെടുത്താനും ആക്രമിക്കാനും തുടങ്ങി.അപവാദ പ്രചാരണത്തിലൂടെ കുടുംബം വരെ തകർക്കാൻ ശ്രമുണ്ടായി. ആ ഘട്ടത്തിലാണ് പാർട്ടി വിടാൻ തീരുമാനിച്ചത്.

 എൻ.ഡി.എയിലേക്ക് ആകർഷിച്ചത്?

പഞ്ചായത്ത് പ്രസിഡന്റായിരിക്കേ പ്രധാനമന്ത്റി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളും പദ്ധതികളും ഏറെ ആകർഷിച്ചിരുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ടല്ലാതെ നടപ്പാക്കിയാൽ നമ്മുടെ നാട്ടിലെ ജനങ്ങൾക്ക് മുഴുവൻ ആശ്വാസമാകുന്ന, കൈത്താങ്ങാകുന്ന പദ്ധതികളാണ് ഓരോന്നും. ദേശീയതയെന്ന ഒ​റ്റച്ചരടിൽ ഭാരതീയരെ കോർത്തിണക്കാൻ അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളാണ് ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് അടുപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാവാത്മകമായ പ്രവർത്തനങ്ങളെയും പദ്ധതികളേയും അപഹസിക്കുകയും അവഹേളിക്കുകയുമായിരുന്നു ഇടതു, വലതു മുന്നണികൾ. പക്ഷേ നരേന്ദ്ര മോദി മുന്നോട്ടു വയ്ക്കുന്ന വികസന രാഷ്ട്രീയമാണ് കേരളത്തിനാവശ്യമെന്ന് ഓരോ ദിവസവും ബോദ്ധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വികസനത്തിന് അനന്ത സാദ്ധ്യതകളുള്ള ചേർത്തലയിലും നരേന്ദ്ര മോദിയുടെ ക്ഷേമപദ്ധതികളും വികസന മന്ത്റവും എത്തിക്കുകയാണ് എൻ.ഡി എയുടെ പ്രവർത്തകനെന്ന നിലയിൽ എന്റെ കടമ.

 കളം മാറിയപ്പോൾ നാടിന്റെ പ്രതികരണം?

രാഷ്ട്രീയം നാടിന്റെ സേവനത്തിനു വേണ്ടിയാകണം എന്നതാണ് എന്റെ അഭിപ്രായം. അത് ജീവനോപാധിയല്ല.മൂന്ന് ദശാബ്ദം നീണ്ട എന്റെ രാഷ്ട്രീയ ജീവിതം തീർത്തും സുതാര്യവും അഴിമതിരഹിതവുമായിരുന്നുവെന്ന് തണ്ണീർമുക്കത്തുകാർക്ക് അറിയാം.
ചേർത്തലയിലെ എൻ.ഡി എ സ്ഥാനാർത്ഥിയെന്ന നിലയിൽ പരിവർത്തന യാത്രയുമായി ഗ്രാമം തോറും സഞ്ചരിച്ചപ്പോൾ ജനങ്ങളിൽ നിന്നു കിട്ടുന്ന സ്വീകാര്യതയും സ്‌നേഹവായ്പും എനിക്ക് ഊർജ്ജം പകരുകയാണ്. എൻ.ഡി.എയ്ക്കും നരേന്ദ്ര മോദിക്കുമുള്ള പിന്തുണയാണത്. ചേർത്തലയും മാ​റ്റം ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചേർത്തലക്കാരും എൻ.ഡി എയുടെ വികസന നയങ്ങളെ അംഗീകരിച്ചു തുടങ്ങി. പാർട്ടി വളർത്താനും വോട്ട് ബാങ്ക് സംരക്ഷിക്കാനുമുറച്ച് കേന്ദ്ര പദ്ധതികളിൽ മിക്കതും ജനങ്ങളിലേക്കെത്തുന്നത് തടയുകയായിരുന്നു ഇടതു വലതു മുന്നണികൾ. ഇവിടെ ഞങ്ങൾക്ക് രാഷ്ട്രീയമല്ല പ്രധാനം. ജനക്ഷേമമാണ്.

 ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം?


ചേർത്തലയിലെ ഓരോ കുടുംബവും കേന്ദ്ര പദ്ധതികളിൽ രണ്ടോ മൂന്നോ എണ്ണത്തിന്റെയെങ്കിലും ഗുണഭോക്താക്കളാകാൻ അർഹതയുള്ളവരാണ്. അത് അവരിലേക്കെത്താത്തത് എന്തുകൊണ്ടാണെന്ന് ബോദ്ധ്യപ്പെടുത്തും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ബി.ജെ.പിയുടേയും ബി.ഡി.ജെ.എസിന്റേയും മ​റ്റു ഘടക കക്ഷികളുടേയും മുഴുവൻ പ്രവർത്തകരും ഒ​റ്റമനസായി എനിക്കൊപ്പമുണ്ട്. ഇടതുപക്ഷത്തിന്റെ വഴിപിഴച്ച പോക്കിൽ അതൃപ്തരായ നിരവധി നേതാക്കളുടേയും പ്രവർത്തകരുടേയും പിന്തുണ ദിനംപ്രതി ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ചേർത്തലയിലെ വിധിയെഴുത്ത് ഇത്തവണ എൻ.ഡി.എയ്ക്ക് അനുകൂലമാകും. 'വിഷൻ ചേർത്തല' എന്ന പേരിൽ ചേർത്തലയ്ക്കു വേണ്ടി പ്രത്യേക വികസന പദ്ധതി തയ്യാറാക്കി

യാണ് ഞാൻ വോട്ടർമാർക്കു മുന്നിലേക്കെത്തുന്നത്.

............................

(മകൻ ജ്യോതിസ് മഹാദേവൻ ആലുവയിൽ നിയമ വിദ്യാർത്ഥിയാണ്. അമ്മ വിജയലക്ഷ്മിയും ഇളയ സഹോദരൻ ജയനും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒപ്പത്തിനൊപ്പമുണ്ട്.)