
ചേർത്തല: കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തിര സഹായം നൽകണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.പി.എസ്.ജ്യോതിസ് പ്രധാനമന്ത്റിക്ക് കത്തയച്ചു. ദുരിതം നേരിട്ടവരുടെ വീടുകൾ വീടുകൾ ജ്യോതിസ് സന്ദർശിച്ചു. ദുരിതബാധിതരായവർക്ക് സത്വര സഹായം നൽകാൻ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
ചേർത്തലയുടെ വിവിധ പഞ്ചായത്തുകളിലായി നൂറോളം വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ വീടുകൾക്കും നാശനഷ്ടമുണ്ടായത്. 51 വീടുകൾ നശിച്ചുവെന്നാണ് റവന്യു വിഭാഗം കണ്ടെത്തിയിരിക്കുന്നത്.തകർന്ന വീടുകളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കണമെന്നും മേൽക്കുരകൾ പുന:സ്ഥാപിക്കാനായി പഞ്ചായത്തുകളുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നു ഉടൻ പണം അനുവദിക്കണമെന്നും ജ്യോതിസ് ആവശ്യപ്പെട്ടു.
മണ്ഡലത്തിൽ വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജീവിതോപാധി നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകുന്നതോടൊപ്പം പുനരുജ്ജീവനത്തിനായി സത്വര നടപടി സ്വീകരിക്കണമെന്ന് കളക്ടറോട് അദ്ദേഹം ആവശ്യപ്പെട്ടു.