ആലപ്പുഴ : ക്ഷീരകർഷകർക്ക് ഇടനിലക്കാരില്ലാതെ, ഇഷ്ടമുള്ള പശുക്കളെ വാങ്ങാൻ അവസരമൊരുക്കി മിൽമയുടെ ഓൺലൈൻ മൊബൈൽ ആപ്ളിക്കേഷൻ. ''മിൽമ കൗ ബസാർ'' എന്നു പേരിട്ടിരിക്കുന്ന ആൻഡ്രോയ്ഡ് ഫോൺ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം തിരഞ്ഞെടുപ്പിനു ശേഷമേ ഉണ്ടാവുകയുള്ളൂവെങ്കിലും ട്രയൽ റൺ ആരംഭിച്ചു.

പ്രാരംഭഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാകും സേവനം ലഭ്യമാകുക. പിന്നീട് സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് ലക്ഷ്യം. മിൽമ തിരുവനന്തപുരം മേഖലാ യൂണിയനാണ് സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്ലിക്കേഷൻ ലഭ്യമാകും.

പശുവിന്റെ ഇനം, പ്രായം, ലഭിക്കുന്ന പാലിന്റെ അളവ്, വില തുടങ്ങി നിറം വരെയുള്ള വിശദവിവരങ്ങൾ ഫോണിൽ മനസിലാക്കാം. ചിത്രങ്ങളും കാണാം. ഇഷ്ടപ്പെട്ടാൽ മാത്രം നേരിട്ടെത്തി കച്ചവടം ഉറപ്പിക്കാം.എന്നാൽ വിശദാംശങ്ങൾ കാണാൻ സാധിക്കുമെങ്കിലും വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ എല്ലാവർക്കും സാധിക്കില്ല. അതാതു പ്രദേശത്തെ പ്രാഥമിക ക്ഷീര സംഘം സെക്രട്ടറിമാർക്കായിരിക്കും ഇതിന്റെ ചുമതല. തെറ്റായ വിവരങ്ങൾ അപ്ലോഡ് ചെയ്ത് ആപ്ലിക്കേഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താതിരിക്കാനാണ് ഈ മുൻകരുതൽ. സ്വന്തമായി ഫോണില്ലാത്തവർക്ക് ക്ഷീര സംഘത്തിലെ ഫോൺ വഴിയും സേവനം ഉപയോഗപ്പെടുത്താം.

കൗ ബസാർ

1.മികച്ച ഇനം പശുക്കളെ കണ്ടെത്താം

2.ഇടനിലക്കാരെ ഒഴിവാക്കാം

3.കർഷകന്റെ ഇഷ്ടത്തിന് അനുസരിച്ച് പശുക്കളെ തിരഞ്ഞെടുക്കാം

'' മിൽമ കൗ ബസാർ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും ട്രയൽ റൺ ആരംഭിച്ചു. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് ക്ഷീരകർഷകരെ മോചിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്

(മിൽമ അധികൃതർ)